ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗ തീരുമാനം; ആശ്വാസമാകുക ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും

single-img
7 August 2019

ഇടുക്കി ജില്ലയിലുള്ള ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കും ആശ്വാസമായി മന്ത്രിസഭാ തീരുമാനം.
ജില്ലയിലെ അനധികൃത നിര്‍മാണമായ 15 സെന്റ് വരെയുള്ള പട്ടയഭൂമിയിലെ 1500 സ്‌ക്വയര്‍ഫീറ്റ് വരെയുള്ള കെട്ടിടനിര്‍മാണങ്ങൾക്ക് സാധുത നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു.

സംസ്ഥാനത്തിലെ 1964-ലെ ഭൂനിയമപ്രകാരം പതിച്ചുനല്‍കിയ പട്ടയ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളാണ് ക്രമവല്‍ക്കരിക്കുക. ഉത്തരവ് പ്രകാരം 1500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ള കെട്ടിടങ്ങള്‍ക്ക് ഇളവ് ലഭിക്കില്ല. മാത്രമല്ല, ഇവയെ അനധികൃത നിര്‍മാണമായി കണക്കാക്കി നടപടികള്‍ സ്വീകരിക്കാനും മന്ത്രിസഭാ യോഗത്തില്‍ ധാരണയായി. ജില്ലയിലെ കര്‍ഷകരും ചെറുകിടവ്യാപാരികളും ഏറെക്കാലമായി ഉന്നയിക്കുന്ന ആവശ്യത്തിലാണ് സര്‍ക്കാര്‍ അനുകൂല തീരുമാനമെടുത്തത്.

അനധികൃത നിർമ്മാണങ്ങൾക്ക് അനുമതി നൽകുന്നത് സംബന്ധിച്ച് ഇടതു മുന്നണിയിൽ സിപിഐയും സിപിഎമ്മും നേരത്തെ ധാരണയിലെത്തിയിരുന്നു. നിലവിലെ തീരുമാനത്തിൽ ഭൂപരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിശ്ചയിക്കണമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണ് തീരുമാനമെടുത്തത്. ഭൂമിയുടെ പരിധി ഉയര്‍ത്തിയാല്‍ ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് പരിധി 1500 സ്‌ക്വയര്‍ ഫീറ്റായി നിജപ്പെടുത്തിയത്.