ശ്രീറാമിന്റെ ജാമ്യത്തിന് സ്റ്റേയില്ല: എന്തുകൊണ്ട് രക്തസാമ്പിൾ എടുത്തില്ലെന്ന് പൊലീസിനോട് ഹൈക്കോടതി

single-img
7 August 2019

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യത്തിനു ഹൈക്കോടതി സ്‌റ്റേ അനുവദിച്ചില്ല.
സര്‍ക്കാരിന്റെ അപ്പീലില്‍ ഹൈക്കോടതി ശ്രീറാമിന് നോട്ടീസയച്ചു. ഹരജി വെള്ളിയാഴ്ച്ച വീണ്ടും പരിഗണിക്കും.

കേസില്‍ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. ശ്രീറാമിന്റെ രക്തസാമ്പിള്‍ എടുക്കാത്തതെന്ത് കൊണ്ടാണെന്ന് കോടതി ചോദിച്ചു. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നോ എന്നറിയാൻ പരിശോധന നടത്തേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്തുകൊണ്ട് പൊലീസ് നടപടികൾ പൂർത്തിയാക്കിയില്ല. മദ്യപിച്ച് വാഹനമോടിക്കുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ എന്തുകൊണ്ടാണ് പാലിക്കാതിരുന്നതെന്നും കോടതി ചോദിച്ചു.

എന്നാൽ ശ്രീറാമിന്റെ പരുക്ക് കണക്കിലെടുത്താണ് സാംപിള്‍ എടുക്കാതിരുന്നതെന്ന് സര്‍ക്കാര്‍ നിലപാടെടുത്തു. ശ്രീറാം വെങ്കിട്ടരാമൻ സർക്കാരിനെ പറ്റിച്ചുവെന്നും തെറ്റായ വിവരങ്ങൾ നൽകിയെന്നും സർക്കാർ വ്യക്തമാക്കി.

ഗവര്‍ണര്‍ ഉള്‍പ്പെടെ പോവുന്ന റോഡില്‍ എന്തുകൊണ്ട്  സിസിടിവി ഇല്ലെന്നും കോടതി ചോദിച്ചു. ശ്രീറാം അപകടകരമായി വാഹനമോടിച്ചുവെന്നും കോടതി നിരീക്ഷിച്ചു.

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. തെറ്റായ വിവരങ്ങള്‍ നല്‍കി ശ്രീറാം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചു. സാക്ഷികളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തിയാണ് ശ്രീറാം. ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ മദ്യത്തിന്‍റെ ഗന്ധം സ്ഥിരീകരിച്ചതാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

എന്നാൽ എന്തിനാണ് ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യം റദ്ദാക്കുന്നതെന്ന് സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ശ്രീറാമിനെതിരായ നരഹത്യാക്കുറ്റം നിലനിൽക്കുമെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ നരഹത്യക്കുറ്റം നിലനിൽക്കുമെങ്കിലും എന്തിന് ജാമ്യം റദ്ദാക്കണമെന്നും കോടതി ചോദിച്ചു.

വൈദ്യപരിശോധന നടത്തി തെളിവ് ശേഖരിക്കാത്തതിന് ന്യായീകരണമില്ല. തെളിവ് നശിപ്പിക്കാനുള്ള ശ്രമം എന്തുകൊണ്ട് പൊലീസ് തടഞ്ഞില്ല. ശ്രീറാമിനെതിരായ തെളിവ് അയാൾ കൊണ്ടുവരുമെന്ന് കരുതിയോ. അപകടം ഉണ്ടായാൽ‌ ഇങ്ങനെയാണോ തെളിവ് ശേഖരിക്കേണ്ടതെന്നും കോടതി ചോദിച്ചു.

തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്നലെ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. എന്നാല്‍ മദ്യപിച്ച് അമിതവേഗത്തില്‍ കാറോടിച്ച് ഒരാളുടെ ജീവനെടുത്ത പ്രതിക്കെതിരെ 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഐ.പി.സി 304 വകുപ്പ് ആണ് ചുമത്തിയിട്ടുള്ളത്. അങ്ങനെയുള്ള കേസില്‍ പ്രതിക്ക് ജാമ്യം നല്‍കാന്‍ മജിസ്ട്രേറ്റ് കോടതിക്ക് അധികാരമില്ലെന്നാണ് ഹർജിയിലെ വാദം.