മഴ ശക്തം; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

single-img
7 August 2019

മൂന്നു ദിവസങ്ങളായി കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (ബുധനാഴ്ച ആഗസ്റ്റ് 7) കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് ഉള്‍പ്പെടെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍വ്വകലാശാലയുടെ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

കേരളത്തിന്റെ വടക്കൻ മലയോര മേഖലകളില്‍ മഴ കനത്തതോടെ പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. വിവിധയിടങ്ങളിൽ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ കൂടിയതിനെ തുടർന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്‍റെ മൂന്ന് ഷട്ടറുകള്‍ ഇന്നലെ തുറന്നു. വയനാട് ജില്ലയിലെ തന്നെ അമ്പലവയല്‍ കരിങ്കുറ്റിയില്‍ മണ്‍ഭിത്തിയിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചിരുന്നു.

സംസ്ഥാനത്തിൽ കഴിഞ്ഞ വർഷം പ്രളയം ഉണ്ടായപ്പോൾ പ്രളയത്തിലും ഉരുള്‍പൊട്ടലിലും വന്‍ നാശനഷ്ടമുണ്ടായ കുറിച്യർമലയിലും ഉരുള്‍പൊട്ടല്‍ ഭീഷണിയുണ്ട്. ഇവിടെ കഴിഞ്ഞ രാത്രിയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടർന്ന് കുറിച്യര്‍മലയില്‍ നിന്ന് രണ്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. അതേപോലെ മാനന്തവാടി താലൂക്കിലെ വാളാട് നിരവില്‍പ്പുഴയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

മഴ ശക്തമായതിനെ തുടർന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം എണാകുളം, ഇടുക്കി എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് ആയിരിക്കും.