ആർട്ടിക്കിൾ 370: പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്ഐ പ്രതിഷേധ റാലിയ്ക്ക് നേരെ എബിവിപി ആക്രമണം

single-img
7 August 2019

കേന്ദ്രസർക്കാർ ഭരണഘടനാ ഭേദഗതിയിലൂടെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ നടപടിക്കെതിരെ പ്രതിഷേധിച്ച് പോണ്ടിച്ചേരി സര്‍വകലാശാലയില്‍ എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിന് നേർക്ക് എബിവിപിയുടെ ആക്രമണം.

പ്രകടനത്തിന് നേർക്ക് നേരെ പടക്കം പൊട്ടിച്ച എബിവിപി പ്രവർത്തകർ വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കാന്‍ ശ്രമിച്ചതായി എസ്എഫ്ഐ നേതാക്കള്‍ പറഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യ വ്യാപകമായി പ്രതിഷേധം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലയിലും എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

‘കേന്ദ്ര സർക്കാർ ജമ്മു കാശ്മീരിന്മേൽ അടിച്ചേൽപ്പിച്ച ഏകപക്ഷീയമായ തീരുമാനത്തെ അപലപിക്കുന്നതായി എസ്എഫ്ഐ പോണ്ടിച്ചേരി ഘടകം അദ്ധ്യക്ഷന്‍ ജയപ്രകാശ് പറഞ്ഞുസർക്കാരിന്റെ നടപടിക്കെതിരായി പ്രതിഷേധിക്കുന്നതിനിടെയാണ് പടക്കം പൊട്ടിക്കുകയും വിദ്യാര്‍ത്ഥിനികളെയടക്കം അധിക്ഷേപിക്കുകയും ചെയ്തതെന്ന് ജയപ്രകാശ് പറഞ്ഞു.

എസ്എഫ്ഐ പ്രതിഷേധത്തിന് ഒരുങ്ങുന്നത് മുന്‍കൂട്ടി കണ്ട് പടക്കങ്ങളുമായി എബിവിപിക്കാര്‍ വഴിയില്‍ കാത്ത് നിന്നെന്നും മാര്‍ച്ച് അടുത്തെത്തിയപ്പോള്‍ പൊട്ടിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. കേന്ദ്രം ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളഞ്ഞതിനെ അനുകൂലിച്ച് എബിവിപി ക്യാംപസില്‍ ആഹ്ലാദപ്രകടനം നടത്തിയപ്പോൾ മറ്റു വിദ്യാര്‍ത്ഥി യൂണിയനുകളൊന്നും തടസ്സപ്പെടുത്തിയിരുന്നില്ല എന്നും എസ്എഫ്ഐ ചൂണ്ടിക്കാട്ടി.