കാശ്മീർ വിഭജനം: ഇന്ത്യയും പാകിസ്താനും സംയമനം പാലിക്കാന്‍ തയാറാകണമെന്ന് യുഎൻ; പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്ന് യുഎസ്

single-img
6 August 2019

ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി ഇന്ത്യ എടുത്തുകളഞ്ഞതിന് പിന്നാലെ ഉത്കണ്ഠ അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഇന്ത്യയും പാകിസ്താനും വിഷയത്തിൽ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ രൂക്ഷമാകുന്നത് നിരീക്ഷിക്കുന്നുണ്ടെന്നും എല്ലാ പാര്‍ട്ടികളും സംയമനം പാലിക്കാന്‍ തയാറാകണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ആന്‍റോണിയോ ഗുട്ടറെസ് പറഞ്ഞു.

മാത്രമല്ല, ആവശ്യമെങ്കിൽ രണ്ട് കൂട്ടര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഐക്യരാഷ്ട്ര സഭയുടെ സഹായങ്ങളുണ്ടാകുമെന്നും സമാധാനം പുലര്‍ത്തണമെന്നും വാര്‍ത്താ സമ്മേളനത്തില്‍ യുഎന്‍ വക്താവ് സ്റ്റെഫാന്‍ ദുജാറിക്കും വ്യക്തമാക്കി. ജമ്മു കാശ്മീരിലെ സംഭവങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്ന് യുഎസും അറിയിച്ചു. അതിർത്തിയിൽ നിയന്ത്രണ രേഖയുടെ ദൃഢത ഉറപ്പാക്കി പ്രദേശത്ത് സമാധാനം ഉറപ്പാക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഇന്ത്യ ജമ്മു കാശ്മീരിന്‍റെ പദവി എടുത്തുകളഞ്ഞതിനെതിരെ എതിരെ പാകിസ്താൻ ഇന്ത്യയെ ഇന്നലെ പ്രതിഷേധം അറിയിച്ചിരുന്നു. പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തിയാണ് പാക് വിദേശകാര്യ സെക്രട്ടറി പ്രതിഷേധമറിയിച്ചത്. അതേസമയം, ലോക രാജ്യങ്ങളെ തീരുമാനം ബോധ്യപ്പെടുത്താനുള്ള ശ്രമം ഇന്ത്യയുടെ തുടരുകയാണ്. കാശ്മീർ അതിർത്തിയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് ഇന്ത്യ വിദേശകാര്യ സെക്രട്ടറിമാരോടും സ്ഥാനപതികളോടും വിശദീകരിച്ചിരുന്നു.