മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ കൊലപാതകം: കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് സിറാജ് മാനേജ്മെന്‍റ്

single-img
6 August 2019

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന് സിറാജ് പത്രം മാനേജ്മെന്‍റ്. ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജർ തിരുവനന്തപുരം ജില്ലാ കോടതിയില്‍ ഹർജി നൽകി.

മദ്യ ലഹരിയില്‍ കാറോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍റെ രക്തസാമ്പിൽ എടുക്കാൻ അനാസ്ഥ കാണിച്ച മ്യൂസിയം എസ്ഐയ്ക്ക് എതിരെ കേസെടുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. അതേസമയം ശ്രീറാം നല്‍കിയ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന്റെ അപേക്ഷ പരിഗണിക്കുന്നത്.

രാഷ്ട്രീയ-മാധ്യമ രംഗങ്ങളില്‍ നിന്നുള്ള സമ്മർദ്ദമാണ് കേസിന് പിന്നിൽ എന്നാണ് ശ്രീറാമിൻറെ വാദം. അപകടത്തെ സംബന്ധിച്ച കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്നും ജാമ്യം നൽകരുതെന്നുമാണ് പോലീസിന്റെ ആവശ്യം. നിലവില്‍ മെഡിക്കൽ ബോർഡിന്റെ നിരീക്ഷണത്തിലുള്ള ശ്രീറാം ട്രോമ ഐസിയുവിൽ തുടരുകയാണ്.