67നെതിരെ 367 വോട്ടുകള്‍; കേന്ദ്ര സര്‍ക്കാരിന്റെ ജമ്മുകാശ്മീര്‍ പുനസംഘടനാ ബില്‍ ലോക്‌സഭയില്‍ പാസായി

single-img
6 August 2019

ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ബില്‍ ലോക്‌സഭയില്‍ പാസായി. ലോക്സഭയില്‍ 367 അംഗങ്ങളാണ് ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 67 പേര്‍ ഇതിനെതിരെ വോട്ട് ചെയ്തു. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതോടെ ജമ്മു കാശ്മീരില്‍ ഇഡബ്ല്യുഎസ് റിസര്‍വേഷന്‍ ബില്‍ സ്വപ്രേരിതമായി നടപ്പാക്കുമെന്നും കേന്ദ്രആഭ്യന്തരമന്ത്രി അമിതാഷാ പറഞ്ഞു.

ലോക്സഭയില്‍ ബില്‍ പാസായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചുകൊണ്ട് സുഷമാസ്വരാജ് ട്വീറ്റ് ചെയ്തു. തന്റെ ജീവിതത്തില്‍ ഈ ദിവസത്തിന് വേണ്ടിയാണ് കാത്തിരുന്നതെന്നായിരുന്നു സുഷമ ട്വിറ്ററില്‍ കുറിച്ചത്.അതേപോലെ, ജമ്മുകാശ്മീരിന്റെ പ്രത്യക അധികാരം എടുത്തു കളഞ്ഞ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തിന് അനിവാര്യമായ ബില്ലാണ് നടപ്പാക്കിയത്. ബില്‍ പാസാക്കാന്‍ ഭരണഘടനാ മാര്‍ഗം പിന്തുടര്‍ന്നെങ്കില്‍ ഇപ്പോള്‍ ചോദ്യങ്ങളുയരുന്നത് ഒഴിവാക്കാമായിരുന്നു. പക്ഷെ ഈ ബില്‍, ഇത് രാജ്യതാത്പര്യത്തിന് വേണ്ടിയാണ്. താന്‍ ഈ ബില്ലിനെ പിന്തുണയ്ക്കുന്നു- ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു.