കാശ്മീര്‍ വിഭജനം; ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാര്‍; ലോക്സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

single-img
6 August 2019

ജമ്മു കാശ്മീർ സംസ്ഥാനത്തിനുള്ള പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും അതിർത്തി വിഭജിക്കാനുള്ള ബില്ലുകളും ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോൺഗ്രസിന്‍റെ അധീർ രഞ്ജൻ ചൗധുരിയോട് ശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി പറഞ്ഞത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. അവിടവുമായി ബന്ധപ്പെട്ട ഏത് വിഷയവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും അമിത് ഷാ വ്യക്തമാക്കി.

ലോക്സഭയിൽ ബില്ലിൻമേൽ ചർച്ച തുടങ്ങിയപ്പോൾ ശക്തമായി എതിർത്ത കോൺഗ്രസ്, എന്താണ് കശ്മീരിൽ നടക്കുന്നതെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ഒരു ബില്ല് കൊണ്ടുവന്നത് നിയമവിരുദ്ധമാണെന്ന് ലോക്സഭയിലെ കോൺഗ്രസിന്‍റെ കക്ഷിനേതാവ് അധിർ രഞ്ജൻ ചൗധുരി ആരോപിച്ചു. അതേസമയം എന്താണ് നിയമവിരുദ്ധമെന്ന് കൃത്യമായി ചൂണ്ടിക്കാട്ടണമെന്ന് സ്പീക്കർ ഓംപ്രകാശ് ബിർള ആവശ്യപ്പെട്ടു.

ഈ സമയങ്ങളിൽ കോൺഗ്രസ് നിരയിൽ ഇരിക്കുന്ന രാഹുൽ ഗാന്ധി ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. ബില്ലിന്മേൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസാരിക്കുമ്പോഴൊക്കെ പ്രതിപക്ഷ എംപിമാർ ബഹളം വച്ചപ്പോൾ ക്ഷോഭിച്ചാണ് അമിത് ഷാ സംസാരിച്ചത്. ഈ ബില്ല് പാസ്സാക്കിയെടുക്കാൻ ജീവൻ തന്നെ നൽകാൻ തയ്യാറാണെന്ന് അമിത് ഷാ വ്യക്തമാക്കി.

ഇത് ഒരിക്കലും ഒരു രാഷ്ട്രീയനീക്കമല്ല, രാജ്യത്തിന്റെ സുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ് – അമിത് ഷാ പറഞ്ഞു. അതോടെ പ്രതിപക്ഷത്തിന്‍റെ ബഹളം രൂക്ഷമായി. ലോക്സഭയിൽ ബില്ലിന്‍റെ നിയമവശങ്ങളാണ് പ്രതിപക്ഷം പ്രധാനമായും ചർച്ചയിൽ ചൂണ്ടിക്കാട്ടുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസ് ബില്ലിനെതിരെ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

ബില്ലിനെതിരായി സംസാരിച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഡിഎംകെ എംപി ടി ആർ ബാലു രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് ആരോപിച്ചു. തന്റെറെ സുഹൃത്തും എംപിയുമായ ഒമർ അബ്ദുള്ള എവിടെയെന്ന് എനിക്കറിയില്ലെന്ന് ടി ആർ ബാലു പറഞ്ഞപ്പോഴേക്ക് വീണ്ടും ബഹളമായി.