ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയിലെ എല്ലാ ജനങ്ങളും തുല്ല്യരല്ല: ഇമ്രാന്‍ ഖാന്‍

single-img
6 August 2019

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ എല്ലാ പൗരന്മാരും തുല്ല്യരല്ലെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍.
ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിന് പ്രത്യേക പദവിനല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിലായിരുന്നു ഇമ്രാന്‍ഖാന്റെ പ്രതികരണം.

ഇന്ന് പാകിസ്താന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു ഇമ്രാന്‍ മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഇന്ത്യയില്‍ മുസ്‌ലീങ്ങളെ ക്രൂരമായ ഹിന്ദു ഭൂരിപക്ഷത്തിന് ബന്ദികളാക്കുമെന്ന് മുന്‍കൂട്ടി കണ്ട ക്വയ്ദ്-ഇ-ആസാം മുഹമ്മദ് അലി ജിന്നയ്ക്ക് ഞാന്‍ ഇപ്പോള്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം തന്റെ പ്രസംഗത്തില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ഇപ്പോഴുള്ള സാഹചര്യത്തില്‍ എല്ലാ ജനങ്ങളും തുല്ല്യരല്ല. ഞാന്‍ അവിടം സന്ദര്‍ശിച്ച സമയത്ത് ജനങ്ങള്‍ പറഞ്ഞിരുന്നത് പാകിസ്താന്‍ രൂപീകരിച്ചിരുന്നില്ലെങ്കില്‍ ഇന്ന് ജിന്നയുടെ ഭരണത്തില്‍ അവര്‍ സന്തുഷ്ടരായിരിക്കുമെന്നാണ്. ഇപ്പോള്‍ ഇന്ത്യ ഒരു ഹിന്ദുത്വ രാഷ്ട്രമാവുകയാണ്. അവര്‍ മുസ്ലീമിനെ തുല്ല്യരായി കണക്കാക്കുന്നില്ല.

പുല്‍വാമയില്‍ ആക്രമണം നടന്ന സമയത്ത് പിന്നില്‍ പാകിസ്താന്‍ അല്ല എന്ന് മനസിലാക്കികൊടുക്കാന്‍ കുറേ ശ്രമിച്ചിരുന്നു. അവര്‍ രാജ്യത്തെ തെരഞ്ഞെടുപ്പിന് ഞങ്ങളെ ബലിയാടാക്കുകയായിരുന്നു. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത് ഇന്ത്യ ഹിന്ദുക്കള്‍ക്കുള്ളതാണെന്നാണ്.’ ഇമ്രാന്‍ഖാന്‍ പറഞ്ഞു.

മാത്രമല്ല, കാശ്മീര്‍ വിഷയം ഐക്യരാഷ്ട്രസഭയില്‍ ഉന്നയിക്കുകയും ഇന്ത്യയില്‍ ബിജെപിയുടെ വംശീയ പ്രത്യയശാസ്ത്രത്തിന് കീഴില്‍ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം അന്താരാഷ്ട്ര സമൂഹത്തെ അറിയിക്കുകയും ചെയ്യുമെന്നും ഇംറാന്‍ഘാന്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാര്‍ നടപടി പുല്‍വാമ പോലുള്ള സംഭവങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനിടയുണ്ടെന്നും കാശ്മീരില്‍ വംശീയ ഉന്മൂലനം നടത്തുമെന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.