വടക്കന്‍ ജില്ലകളില്‍ മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; കാസര്‍കോട് ഇടിമിന്നലില്‍ വീട് തകര്‍ന്നു

single-img
6 August 2019

സംസ്ഥാനത്തിന്റെ വടക്കന്‍ ജില്ലകളില്‍ കനത്ത മഴ. ഇന്ന് ഉച്ചകഴിഞ്ഞ് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ കനത്ത മഴയാണ് പെയ്തത്. വയനാട്ടിലെ അമ്പലവയല്‍ കരിങ്കുറ്റിയില്‍ റിസോര്‍ട്ട് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. സുല്‍ത്താന്‍ ബത്തേരി കുപ്പാടി സ്വദേശി കരീം ആണ് മരിച്ചത്.

കോഴിക്കോട് അടിവാരത്ത് പുഴയില്‍ കാണാതായ ചേളാരി സ്വദേശി പ്രതീഷ് എന്ന ഉണ്ണിയുടെ മൃതദേഹം ഒരു ദിവസത്തെ തിരച്ചിലിനൊടുവില്‍ കണ്ടെത്തി. നാടുകാണി ചുരം ഇടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.അതേപോലെ മഴയില്‍ കോഴിക്കോട് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മാവൂര്‍ റോഡില്‍ നിരവധി കടകളില്‍ വെള്ളംകയറി. പയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര മേഖലകളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവര്‍ ഭീഷണിയിലാണെന്നാണ് റിപ്പോര്‍ട്ട്.

കാസർകോട് ജില്ലയിൽ ഇടിമിന്നലേറ്റ് വീട് ഭാഗികമായി തകര്‍ന്നു. ബാളിയൂര്‍ സ്വദേശി ബടുവന്‍ കുഞ്ഞിയുടെ വീടാണ് തകര്‍ന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ജില്ലയില്‍ ശക്തമായ ഇടിമിന്നലുണ്ടായത്. മിന്നലിൽ വീട്ടുമുറ്റത്ത് നിന്ന പശുവും കിടാവും ചത്തു. വീട്ടിലു ണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.പ്രദേശത്തെ മറ്റ് വീടുകള്‍ക്കൊന്നും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടില്ല.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍:

ആഗസ്റ്റ് ആറ്- മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസർകോട്
ഏഴ്- എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
എട്ട്- തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസർകോട്
ഒമ്പത്- ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കാസർകോട്

യെല്ലോ അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍:

ആഗസ്റ്റ് ആറ്- എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്
ഏഴ്- തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, കാസർകോട്
എട്ട്- എറണാകുളം
ഒമ്പത്- എറണാകുളം, പാലക്കാട്, കണ്ണൂര്‍
പത്ത്- എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കോഴിക്കോട്, മലപ്പുറം കണ്ണൂര്‍, കാസർകോട്