രക്തപരിശോധന വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ല; ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ

single-img
5 August 2019

മദ്യലഹരിയില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകൻ കെഎം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന നടത്താന്‍ വൈകിയതുകൊണ്ടു മാത്രം പ്രതി രക്ഷപ്പെടില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. അപകടം നടന്ന സ്ഥലത്തെ ദൃക്സാക്ഷികളുടെ മൊഴിയും ആശുപത്രിയിലെ ഡോക്ടറുടെ മൊഴിയും പ്രധാനമാണെന്നും ശശീന്ദ്രൻ പറഞ്ഞു.

കേസ് അന്വേഷണത്തിൽ പൊലീസിന്റെ ഭാ​ഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാഥമിക അന്വേഷണം നടത്തിയ മ്യൂസിയം ക്രൈം എസ്ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വൻ വീഴ്ച ഇക്കാര്യത്തിൽ വരുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. അപകടം ഉണ്ടായി നാല് മണിക്കൂറിന് ശേഷമാണ് കേസിൽ എഫ്ഐആര്‍ ഇട്ടത്. അതേപോലെ സ്റ്റേഷൻ രേഖകളിൽ അപകടം നടന്ന വിവരം രേഖപ്പെടുത്തിയിട്ടും കേസെടുത്തിട്ടില്ല.

വാഹനം ഓടിച്ച ശ്രീറാമിന്റെ രക്തസാമ്പിളുകൾ ശേഖരിക്കാനും എസ്ഐ ജയപ്രകാശ് വീഴ്ച വരുത്തിയെന്ന് അന്വേഷണ സംഘം പറയുന്നു. മാത്രമല്ല ശ്രീറാമിനെ സ്വന്തം നിലയിൽ സ്വകാര്യ ആശുപത്രിയിൽ വിട്ടയച്ചതും പൊലീസിന്‍റെ വീഴ്ചയായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഒന്നിലധികം തവണ ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോ രാകേഷ് രക്തമെടുക്കാൻ തയ്യാറായില്ലെന്നാണ് പോലീസ് പറയുന്നത്.