രക്തത്തില്‍ മദ്യത്തിന്റെ അംശം കണ്ടെത്താതിരിക്കാന്‍ ശ്രീറാം മരുന്ന് കഴിച്ചതായി സംശയം

single-img
5 August 2019

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പ്രതി ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധന ഫലം ഇന്ന് പുറത്തുവരുമെന്നാണ് സൂചന. അതേസമയം രക്തപരിശോധന റിപ്പോര്‍ട്ടില്‍ ശ്രീറാമിന്റെ രക്തത്തില്‍ മദ്യത്തിന്റെ അംശമുളളതായി കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.രക്തത്തിൽ മദ്യത്തിന്റെ അംശം കുറക്കുന്ന്തിനായി ശ്രീറാം മരുന്ന് കഴിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് കേസിനെ കാര്യമായി തന്നെ ബാധിച്ചേക്കും.

അപകടം നടന്ന് ഉടന്‍ തന്നെ ശ്രീറാമിന്റെ രക്തം പരിശോധനയ്ക്കായി എടുത്തിരുന്നില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് ഒന്‍പതുമണിക്കൂര്‍ വൈകിയാണ് ശ്രീറാമിനെ രക്തപരിശോധനയ്ക്ക് വിധേയമാക്കിയത്.
സമയത്ത് രക്തപരിശോധന നടത്താതിരുന്നതിന് പുറമേ മദ്യലഹരിയിലായിരുന്നോ വാഹനം ഓടിച്ചിരുന്നത് എന്ന് കണ്ടെത്താന്‍ സഹായിക്കുന്ന ബ്രത്ത് അനലൈസര്‍ ഉപയോഗിച്ച്‌ പരിശോധന നടത്താതിരുന്നതും പൊലീസിന്റെ വീഴചയായാണ് വിലയിരുത്തുന്നത്. ഇതിനിടെ ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്‌തെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ ശ്രീറാമിന് പൊലീസ് അനുവാദം നല്‍കിയതും വിവാദത്തിന് വഴിവെച്ചിരുന്നു.

സമയം വൈകും തോറും ശരീരത്തിലെ മദ്യത്തിന്റെ സാന്നിധ്യം കുറയുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. അപകടം നടന്ന സമയത്ത് മദ്യലഹരിയിലായിരുന്നെന്നും ശ്രീറാമാണ് കാറോടിച്ചതെന്നുമാണ് വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് മൊഴി നല്‍കിയത്.