കാശ്മീർ വിഭജന ബിൽ; നിലപാട് എന്തെന്ന് വ്യക്തമല്ലാത്ത നിലപാടുമായി മുസ്ലിം ലീഗ്

single-img
5 August 2019

പ്രതിപക്ഷം ഒന്നടങ്കം സഭയിലും പുറത്തും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാശ്മീര്‍ വിഭജന ബില്ലിനെ എതിര്‍ക്കുമ്പോള്‍ തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമല്ലാത്ത നിലപാടുമായി മുസ്ലിം ലീഗ്. ഈ ബില്‍ അവതരിപ്പിക്കപ്പെട്ട ഇന്ന് ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണെന്ന് പിഡിപി നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഉള്‍പ്പെടെയുള്ളവര്‍ പറയുമ്പോള്‍ മുസ്‌ലിം‌ ലീഗ് രാജ്യസഭാംഗം പി ബി അബ്ദുല്‍ വഹാബ് രാജ്യസഭയില്‍ ബില്ലിനെ തുറന്ന് എതിര്‍ക്കുകയുണ്ടായില്ല.

ബില്ലിലൂടെ കേന്ദ്രസര്‍ക്കാര്‍ കശ്മീരിലെ ജനങ്ങളെ വഞ്ചിച്ചെന്ന് കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വിറ്ററിലൂടെ പറഞ്ഞപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ഞെട്ടിപ്പിക്കുന്നതെന്നും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള പ്രതികരിക്കുകയുണ്ടായി. എന്നാല്‍ ബില്‍ അവതരിപ്പിക്കപ്പെട്ട സമയം സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന്‍ മാത്രമായിരുന്നു ലീഗ് എംപി പിബി അബ്ദുല്‍ വഹാബ് ആവശ്യപ്പെട്ടത്.

ജമ്മു കാശ്മീര്‍ വിഭജന ബില്ലിലൂടെ പ്രതിപക്ഷ നിരയെ ഭിന്നിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനായി എന്നതാണ് പ്രധാന നേട്ടം. ഈ ബില്ലിലൂടെ ജമ്മുകശ്മീരില്‍ ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ തീരുമാനം സഹായിക്കുമെന്നായിരുന്നു ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെ‍ജ്‌രിവാളിന്‍റെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിനെ ബില്ലില്‍ പിന്തുണയ്ക്കുന്നതായി ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവും വ്യക്തമാക്കി. അതേസമയം ബില്ലിനോടുള്ള കോണ്‍ഗ്രസിന്‍റെ എതിര്‍പ്പ് ആത്മഹത്യാപരമാണെന്ന് കുറ്റപ്പെടുത്തി കോണ്‍ഗ്രസ് രാജ്യസഭ വിപ്പ് ഭുവനേശ്വര്‍ കലിത രാജിവെക്കുകയുണ്ടായി.