പോലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നു; പോലീസ് നയത്തില്‍ തിരുത്തല്‍ വേണമെന്ന് സിപിഐ മുഖപത്രം ജനയുഗത്തിന്റെ മുഖപ്രസംഗം

single-img
5 August 2019

കഴിഞ്ഞ ദിവസം തലസ്ഥാനത്തിൽ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യലഹരിയില്‍ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. പോലീസ് തുടര്‍ച്ചയായി സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും ഇടതുമുന്നണിയുടെ പോലീസ് നയം ഇതല്ലെന്നും നയത്തില്‍ തിരുത്തല്‍ വേണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

അപകടത്തിൽ മാധ്യമപ്രവര്‍ത്തകന്റെ മരണത്തില്‍ പ്രതിയെ രക്ഷിക്കാന്‍ പോലീസ് ശ്രമിച്ചുവെന്നും മുഖപ്രസംഗം ആരോപിച്ചു. അതേപോലെ തന്നെ നെടുങ്കണ്ടം കസ്റ്റഡിമരണവും കൊച്ചിയില്‍ സിപിഐയുടെ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന ലാത്തിചാര്‍ജും പോലീസിനു നാണക്കേടുണ്ടാക്കിയെന്നും പത്രം കുറ്റപ്പെടുത്തുന്നു.

‘ശനിയാഴ്ച പുലര്‍ച്ചെയാണ് സിറാജ് യൂണിറ്റ് ചീഫായ കെ എം ബഷീര്‍ ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ഓടിച്ച വാഹനമിടിച്ച് മരിക്കുന്നത്. ദൃക്സാക്ഷികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസ് സംഭവത്തിന്റെ ഗൗരവാവസ്ഥ മയപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ ആദ്യം തന്നെ ആരംഭിച്ചു.

പരസ്പര വിരുദ്ധമായ പോലീസിന്റെ വിശദീകരണങ്ങളും നിലപാടുകളും പരിശോധിച്ചാല്‍ തന്നെ എന്തൊക്കെയോ കള്ളക്കളികള്‍ക്ക് പോലീസ് ശ്രമിച്ചു എന്ന് വ്യക്തമാകും. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകളും മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയും രൂക്ഷമായ പ്രതികരണങ്ങളും ഉണ്ടായി എന്നതുകൊണ്ടുമാത്രമാണ് ഇപ്പോഴത്തെ നടപടികളെങ്കിലും ഉണ്ടായത്’- മുഖപ്രസംഗത്തില്‍ പറയുന്നു.

‘വാഹനത്തിലുണ്ടായിരുന്ന വഫ ഫിറോസ് എന്ന സഹയാത്രികയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ശ്രീറാം വെങ്കിട്ടരാമനാണ് വാഹനമോടിച്ചതെന്ന് പൊലീസ് സമ്മതിച്ചത്. അതിന് മുമ്പ് തന്നെ നഗരത്തിലെ സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയില്‍ ചികിത്സ തേടുന്നതിനും പോലീസ് അനുവദിച്ചു. റിമാന്‍ഡ് ചെയ്യപ്പെട്ടതിന് ശേഷവും അവിടെ പൊലീസ് സുരക്ഷയിലുള്ള സുഖചികിത്സയാണെന്ന് മാധ്യമങ്ങള്‍ കണ്ടെത്തിയപ്പോഴാണ് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി അവിടെ നിന്ന് മാറ്റുന്നതിന് പോലീസ് തയ്യാറായത്.- മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.