‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള’;വീട്ടുതടങ്കലിലായ ഒമര്‍ അബ്ദുള്ളയ്ക്ക് കോണ്‍ഗ്രസ് എം.പി ശശി തരൂരിന്റെ ഐക്യദാര്‍ഢ്യം.

single-img
5 August 2019

ദില്ലി: ജമ്മു കശ്മീരില്‍ വീടിടുതടങ്കലിലാക്കപ്പെട്ട മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ളയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ട്വിറ്ററിലൂടെയാണ് തരൂര്‍ ഒമര്‍ അബ്ദുള്ളയെ പിന്തുണച്ചത്.

ഇന്ത്യക്കാരനായ ഓരോ ജനാധിപത്യവാദിയും കശ്മീരിലെ മുഖ്യധാരാ നേതാക്കളോടൊപ്പം നില്‍ക്കുമെന്നു തരൂര്‍ ട്വീറ്റ് ചെയ്തു.

‘നിങ്ങള്‍ ഒറ്റയ്ക്കല്ല ഒമര്‍ അബ്ദുള്ള. ജനാധിപത്യവാദിയായ ഓരോ ഇന്ത്യക്കാരനും നമ്മുടെ രാജ്യത്തിനായി സര്‍ക്കാര്‍ കരുതിവെച്ചതെന്താണോ അതിനെ നേരിടാനൊരുങ്ങുന്ന കശ്മീരിലെ മുഖ്യധാരാ നേതാക്കള്‍ക്കൊപ്പം നിലനില്‍ക്കും.

പാര്‍ലമെന്‍റില്‍ ഇപ്പോഴും സമ്മേളനം നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നമ്മുടെ ശബ്ദം അവസാനിച്ചിട്ടില്ല’- തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, സി.പി.ഐ.എം ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എയുമായ ഉസ്മാന്‍ മജീദ്, ജമ്മു കശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജാദ് ലോണ്‍ എന്നിവരാണ് വീട്ടുതടങ്കലിലായത്.