കാശ്‌മീര്‍ വിഭജനം:8000 അര്‍ധസൈനികരെ കൂടി വിന്യസിച്ചു

single-img
5 August 2019

ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം ആര്‍ട്ടിക്കിള്‍ റദ്ദാക്കിയതിനു പിറകെ കശ്മീരില്‍ കൂടുതല്‍ അര്‍ധസൈനികരെ വിന്യസിച്ച്‌​ കേന്ദ്രസര്‍ക്കാര്‍. 8000 അര്‍ധ സൈനികരെയാണ്​ വ്യോമസേനയുടെ സി-17 യാത്രാവിമാനത്തില്‍​ ശ്രീനഗറില്‍ എത്തിച്ചിരിക്കുന്നത്​.

പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കാശ്‌മീരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സൈനിക നടപടി എന്നറിയുന്നു. നേരത്തെ മുപ്പത്തി അയ്യായിരത്തിലധികം അര്‍ദ്ധസൈനികരെ കേന്ദ്രം ജമ്മു കാശ്‌മീരിന്റെ വിവിധയിടങ്ങളില്‍ വിന്യസിച്ചിരുന്നു.

ഉത്തര്‍പ്രദേശ്, ഒഡീഷ, അസം എന്നിവിടങ്ങളില്‍ നിന്നാണ്​ അര്‍ധസൈനികരെ കശ്മീരിലേക്ക്​ കൊണ്ടുപോയത്. ശ്രീനഗറില്‍ നിന്നു സൈന്യത്തെ വിവിധ കേന്ദ്രങ്ങളിലേക്ക് അയച്ചുകൊണ്ടിരിക്കുകയാണ്.