നിസാര പരിക്കുള്ള ശ്രീറാമിന് എസി ഡീലക്സ് മുറി ഉൾപ്പെടെ ആശുപത്രിയിൽ ലഭിക്കുന്നത് പഞ്ചനക്ഷത്ര സൗകര്യങ്ങൾ; ജാമ്യത്തിനായുള്ള ഇടപെടലും സജീവം

single-img
4 August 2019

മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിൽ റിമാന്‍റിലായിട്ടും സര്‍വെ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമൻ കഴിയുന്നത് സ്വകാര്യ ആശുപത്രിയിൽ തന്നെ. ഇവിടെനിന്നും സര്‍ക്കാര്‍ ആശുപത്രിയിലെ സെല്ലിലേക്ക് മാറ്റാൻ പോലീസ് തയ്യാറായിട്ടില്ല. എസി ഡീലക്സ് മുറി ഉൾപ്പെടെ പഞ്ചനക്ഷത്ര സൗകര്യങ്ങളാണ് ആശുപത്രിയിൽ ശ്രീറാമിന് ലഭിക്കുന്നത്.

നിസാര പരിക്കുകൾ മാത്രമുള്ള ഇദ്ദേഹത്തെ ഡോക്ടര്‍മാരുടെ സംഘം എപ്പോഴും പരിചരിക്കുന്നു. ശ്രീറാമിന് എംആര്‍എ സ്കാൻ അടക്കം പരിശോധനകൾ ഉണ്ടെന്നും അതിനായാണ് സ്വകാര്യ ആശുപത്രിയിൽ തന്നെ കഴിയുന്നതെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.

സർക്കാർ മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കഴിയാത്ത രീതിയിലുള്ള പരിക്കുകൾ ശ്രീറാമിന് ഉള്ളതായി അപകടത്തെ തുടര്‍ന്ന് ചികിത്സിച്ച ഒരു ഡോക്ടറും റിപ്പോര്‍ട്ട് നൽകിയിട്ടില്ല. അങ്ങനെയുള്ളപ്പോൾ നിലവിൽ ശ്രീറാമിന് ലഭിക്കുന്നത് വഴിവിട്ട സഹായങ്ങളാണ് എന്ന ആക്ഷേപമാണ് ഉയരുന്നത്. അതോടൊപ്പം ശ്രീറാം ജാമ്യത്തിന് വേണ്ടിയുള്ള ഇടപെടലും സജീവമായി നടത്തുന്നുണ്ടെന്നാണ് സൂചന.

വരുന്ന രണ്ട് ദിവസത്തിനകം ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കാനാണ് നീക്കം.അറസ്റ്റിനെ തുടർന്ന് റിമാന്‍റിലായിട്ടും സസ്പെൻഷൻ നടപടികളും വൈകുകയാണ്. അപകടം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷവും പരിശോധനയ്ക്ക് രക്തം എടുക്കാത്ത പോലീസിന്‍റെ നടപടിയും വലിയ വിവാദമായിരുന്നു. തുടർന്ന് പിന്നീട് രക്ത സാമ്പിൾ എടുത്തെങ്കിലും പരിശോധനാ ഫലം ഇത് വരെ കിട്ടിയിട്ടില്ല.

പരിശോധിക്കേണ്ട കെമിക്കൽ എക്സാമിനേഷൻ ലാബ് അവധിയാണെന്നാണ് പോലീസ് കാരണമായി പറയുന്നത്.അതേപോലെ ശരീരത്തിൽ മദ്യത്തിന്‍റെ അംശം കുറക്കാൻ മരുന്ന് കഴിച്ചോ എന്നതടക്കമുള്ള സംശയങ്ങളും ബലപ്പെടുകയാണ്.