സിപിഎമ്മിന്റെ കെണിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴരുത്; ചാവക്കാട് കൊലപാതകത്തില്‍ പങ്കില്ല: എസ്ഡിപിഐ

single-img
4 August 2019

തൃശൂർ ജില്ലയിലെ ചാവക്കാട് നടന്ന കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസുമായുള്ള നല്ല ബന്ധം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. അതിന്റെ ഉദാഹരണമാണ് കണ്ണൂരും ചാവക്കാടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.

‘ചാവക്കാട് നടന്ന സംഭവത്തില്‍ എസ്ഡിപിഐക്കു പങ്കില്ല. ഇവിടെ കോണ്‍ഗ്രസും എസ്ഡിപിഐയുമായി പ്രശ്‌നങ്ങളൊന്നും നിലവിലില്ല. സിപിഎമ്മിന്റെ നേതാക്കളുടെ സമ്മര്‍ദം മൂലമാണു കോണ്‍ഗ്രസ് നേതൃത്വം കൊലപാതകത്തില്‍ എസ്ഡിപിഐക്ക് എതിരെ ആരോപണമുന്നയിക്കുന്നത്. സിപിഎം കെണിയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ വീഴരുത്. കോണ്‍ഗ്രസ്-എസ്ഡിപിഐ സംഘര്‍ഷം ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു’ണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചാവക്കാട് കോൺഗ്രസ് പ്രവർത്തകൻ നൗഷാദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ തൃശൂര്‍ ജില്ലാ നേതൃത്വം കോണ്‍ഗ്രസിന്റെ തൃശൂര്‍ നേതൃത്വത്തോടു കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. അഥവാ കൊലപാതകത്തില്‍ സംഘടനയുടെ പ്രവർത്തകർക്ക് ബന്ധമുണ്ടെന്നു കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നു അബ്ദുല്‍ മജീദ് ഫൈസി പറഞ്ഞു.