പലിശ നിരക്കുകള്‍ കുറയ്ക്കാൻ സാധ്യത; റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം ആരംഭിക്കുന്നു

single-img
4 August 2019

റിസര്‍വ് ബാങ്ക് പണനയ അവലോകന യോഗം നാളെ തുടങ്ങും. വരുന്ന ബുധനാഴ്ചയാണ് യോഗം അവസാനിക്കുന്നത്. ഇത്തവണത്തെ യോഗത്തില്‍ പലിശ നിരക്കുകള്‍ കുറച്ചേക്കുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ. രാജ്യത്ത് റിപ്പോ നിരക്കില്‍ 25 ബേസിസ് പോയിന്‍റിന്‍റെ കുറവുണ്ടായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

യോഗം അവസാനിച്ച ശേഷം ബുധനാഴ്ച യോഗ തീരുമാനങ്ങള്‍ ആര്‍ബിഐ ഗവര്‍ണര്‍ വിശദീകരിക്കും. ജനങ്ങളുടെ ആവശ്യസാധനങ്ങളുടെ വിലവര്‍ധനയും ആഗോളതലത്തില്‍ തുടരുന്ന വ്യാപാര യുദ്ധങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും.

ഇന്ത്യ മുൻപ് ഉണ്ടായിരുന്ന ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ചയില്‍ തിരിച്ചെത്തിക്കുന്നത് സംബന്ധിച്ച് റിസര്‍വ് ബാങ്കിന് മുകളില്‍ സമ്മര്‍ദ്ദവും ശക്തമാണ്. അതേപോലെ തന്നെ വാഹന വില്‍പ്പന കുത്തനെ കുറയുന്നതും സ്വര്‍ണവില ഉയരുന്നതും ലോകം മാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്‍റെ സൂചനകളായാണ് വിലയിരുത്തുന്നത്. ഈ സാമ്പത്തിക വര്‍ഷം റിപ്പോ നിരക്കില്‍ 50 ബേസിസ് പോയിന്‍റ് മുതല്‍ 75 പോയിന്‍റിന്‍റെ വരെ കുറവ് റിസര്‍വ് ബാങ്ക് വരുത്തിയേക്കുമെന്നാണ് കണക്കാക്കുന്നത്.