ജമ്മു കാശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല, നാളെയെ കുറിച്ച് അറിയില്ല; അത് എന്‍റെ കയ്യിലല്ല: ഗവര്‍ണര്‍

single-img
4 August 2019

ജമ്മു കാശ്മീര്‍ സംസ്ഥാനത്തിന് നല്‍കുന്ന പ്രത്യേക പദവിയെക്കുറിച്ച് തനിക്ക് മുന്‍കൂട്ടി പറയാനാകില്ലെന്നും എന്നാല്‍ ഇപ്പോള്‍ ഭയപ്പെടാനില്ലെന്നും ഗവര്‍ണര്‍ സത്യപാല്‍ മാലിക് . കേന്ദ്രസര്‍ക്കാര്‍ കാശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളയാന്‍ എന്തെങ്കിലും പദ്ധതി രൂപീകരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാന്‍ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

”കേന്ദ്ര സംഘം തൃപ്തരായാണ് മടങ്ങിയത്. എന്നില്‍ നിന്ന് അവര്‍ പ്രതീക്ഷിച്ചത് ഞാന്‍ ചെയ്തു. എന്‍റെ അറിവുവച്ച്, ജമ്മു കാശ്മീരില്‍ എന്തെങ്കിലും സംഭവിക്കാന്‍ പോകുന്നില്ല. എന്നാല്‍ നാളെയെ കുറിച്ച് അറിയില്ല. അത് എന്‍റെ കയ്യിലല്ല. എന്നാല്‍ ഇന്ന് ഒന്നും ഭയക്കേണ്ടതില്ല” – സത്യപാല്‍ മാലിക് പറഞ്ഞു.

ഭരണ ഘടനയില്‍ കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പും നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35- എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് ഒമര്‍ അബ്ദുള്ള ഗവര്‍ണറെ കണ്ടത്.

ദീര്‍ഘ കാലമായി ബിജെപി മുന്നോട്ട് വയ്ക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്നാണ് ഇത്. രാജ്യത്തുള്ള എല്ലാ സംസ്ഥാനങ്ങ‍ള്‍ക്കും ഒരേ പ്രാധാന്യമാണെന്നും ഒരു രാജ്യത്ത് പലതരം ഭരണഘടന വേണ്ടെന്നുമുള്ള അഭ്യന്തര മന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയും ഈ അഭ്യൂഹത്തെ ശക്തിപ്പെടുത്തുന്നതാണ്.