അതിര്‍ത്തിയില്‍ നുഴഞ്ഞു കയറിയ അഞ്ച് ഭീകരവാദികള്‍ കൊല്ലപ്പെട്ടു; വെളുത്ത പതാകകളുമായി വന്നാല്‍ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകാമെന്ന് ഇന്ത്യ

single-img
4 August 2019

കാശ്മീരില്‍ അതിർത്തി കടന്ന് നുഴഞ്ഞു കയറിയ അഞ്ച് ഭീകരവാദികളുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകണം എന്ന് ഇന്ത്യൻ സൈന്യം പാകിസ്ഥാനോട് ആവശ്യപ്പെട്ടു. കാശ്മീരിലെ കേരാൻ സെക്ടറിലാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ പാക് ബോർഡർ ആക്ഷൻ ടീം (BAT) – ലെ അംഗങ്ങൾ, ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കവേ കൊല്ലപ്പെട്ടത്.

ഇവര്‍ കേരാനിലെ ഒരു ഇന്ത്യൻ സൈനിക പോസ്റ്റ് ആക്രമിക്കാനും ശ്രമിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. വെള്ള പതാകകളുമായി ആക്രമിക്കാനുള്ള ഉദ്ദേശമില്ലാതെ വന്നാൽ, അഞ്ച് പേരുടെയും മൃതദേഹങ്ങൾ തിരികെക്കൊണ്ടുപോകാമെന്നാണ് ഇന്ത്യ പാകിസ്ഥാനെ അറിയിച്ചിരിക്കുന്നത്. പക്ഷെ പാകിസ്ഥാൻ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.

കൊല്ലപ്പെട്ട തീവ്രവാദികളുടെ ചിത്രങ്ങൾ ഇന്നലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടിരുന്നു. പാക് സൈന്യത്തിന്‍റെയും തീവ്രവാദികളുടെയും സംയുക്ത ഒളിപ്പോർ സംഘമാണ് ബോർഡർ ആക്ഷൻ ടീം അഥവാ ബാറ്റ്. ഇന്ത്യയുടെ നിയന്ത്രണരേഖയ്ക്ക് സമീപം ആക്രമിക്കാനാണ് ബാറ്റ് സംഘത്തെ നിയോഗിക്കാറ്. പാകിസ്ഥാന്‍ സൈനികരും തീവ്രവാദികളും ബോർഡർ ആക്ഷൻ ടീമിലുണ്ടാകും.

നിലവില്‍ ഈ വാർത്തകളെല്ലാം പാകിസ്ഥാൻ നിഷേധിച്ചു. ഇന്ത്യയിലേക്ക് ഒരു നുഴഞ്ഞു കയറ്റവും പാകിസ്ഥാൻ നടത്തിയിട്ടില്ലെന്ന് കരസേനാവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ വ്യക്തമാക്കി.