യുവ ഐഎഎസ് ഓഫീസറോടുള്ള കടുത്ത ആരാധന ശ്രീറാമുമായുള്ള സൗഹൃദത്തിലേക്കെത്തി; അതിവേഗം കാറോടിക്കൽ വഫയ്ക്കും ഹോബി

single-img
3 August 2019

പഠനത്തിനായുള്ള അവധിക്ക് ശേഷം സർവീസിൽ തിരിച്ചെത്തിയതിന്‍റെ ആഘോഷം കഴിഞ്ഞ് മടങ്ങാനാണ് ശ്രീറാം വെങ്കട്ടരാമൻ വാഹനം ആവശ്യപ്പെട്ടതെന്ന് പോലീസിന് മുമ്പാകെ സുഹൃത്ത് വഫാ ഫിറോസ് മൊഴി നൽകി. അപകട സമയത് വാഹനം ഓടിച്ചത് താനാണെന്ന് പറയാൻ ശ്രീറാം വഫയെ നിർബന്ധിച്ചു.

മദ്യപിച്ചിരുന്നു താൻ വാഹനമോടിച്ച് അപകടം വരുത്തിയെന്ന് വന്നാൽ വകുപ്പ് വേറെയാണ്. അതേസമയം മദ്യപിക്കാത്ത വഫ വാഹനമോടിച്ച് അപകടമുണ്ടാക്കിയാൽ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കുറ്റമേ വരൂ. അങ്ങിനെ വന്നാൽ ജാമ്യം ലഭിക്കാവുന്ന കേസാണെന്ന്, ശ്രീറാം പറഞ്ഞെന്നും വഫ പോലീസിനോട് പറഞ്ഞു. പോലീസിന് നൽകിയ മൊഴി തന്നെ, രഹസ്യകോടതിയിലും വഫ ആവർത്തിച്ചെന്നാണ് വിവരം.

വഫായുടെ മൊഴി ഇങ്ങിനെ: തിരുവനന്തപുരത്തെ ഗോൾഫ് ക്ലബ്ബിന് സമീപത്തുള്ള ഐഎഎസ്സുകാരുടെ ക്ലബ്ബിലായിരുന്നു ആഘോഷം. ആഘോഷത്തിൽ വഫ പങ്കെടുത്തിരുന്നില്ല. മദ്യപിച്ച ശേഷം ശ്രീറാം തന്നെ ഫോണിൽ വിളിച്ച് തിരികെ വിടാനാവശ്യപ്പെട്ടു. വണ്ടിയെടുത്ത് താൻ കവടിയാറിലേക്ക് പോയി. അവിടെ വിവേകാനന്ദപ്പാർക്കിന് മുന്നിൽ നിന്നും ശ്രീറാം കാറിൽ കയറി.

അൽപ ദൂരം വാഹനം മുന്നോട്ട് പോയപ്പോഴേക്ക്, കവടിയാറിലെ കഫെ കോഫി ഡേയുടെ മുന്നിൽ വെച്ച് ശ്രീറാം വണ്ടി നിർത്താൻ പറയുകയും വാഹനമോടിക്കാമെന്ന് നിർബന്ധിച്ച് കാർ വാങ്ങി. ഞാൻ വിസമ്മതിച്ചിട്ടും ശ്രീറാം സമ്മതിച്ചില്ല. ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരുന്ന് ശ്രീറാം വാഹനമോടിക്കാൻ തുടങ്ങി.

വീണ്ടും താൻ വേണ്ടെന്ന് നിർബന്ധിച്ചിട്ടും കേട്ടില്ല. തനിക്ക് പരിഭ്രാന്തി തോന്നി. അമിതവേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചത്. ഒടുവിൽ അപകടമുണ്ടായി. തനിക്ക് ഒന്നും ചെയ്യാനായില്ല. പുറത്തിറങ്ങിയ ശ്രീറാം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. പോലീസിന് മൊഴി നൽകുമ്പോൾ, ശ്രീറാം എന്നോട് വാഹനമോടിച്ചെന്ന് സമ്മതിക്കാൻ പറഞ്ഞു.

അതേസമയം യുവ ഐഎഎസ് ഓഫീസറോടുള്ള കടുത്ത ആരാധനയാണ് ശ്രീറാമുമായുള്ള സൗഹൃദത്തിലേക്കെത്തിച്ചതെന്നാണ് വഫ പറയുന്നത്. നാവായിക്കുളം സ്വദേശിനീയായ വഫ വർഷങ്ങളായി ഗ‌ൾഫിലാണ്. മോഡൽ ചെയ്യുന്ന വഫ ശ്രീറാമുമായുള്ള സൗഹൃദം തുടങ്ങിയത് ഫേസ് ബുക്ക് വഴിയാണ്. അടുത്തിടെ മാത്രമാണ് ഇവർ നാട്ടിലെത്തിയത്.അതിവേഗത്തിൽ കാറോടിക്കൽ വഫയ്ക്കും ഹോബിയാണെന്ന് പോലീസ് പറയുന്നു.

വാഹനങ്ങളുടെ മത്സരയോട്ടത്തിന് കുപ്രസിദ്ധമായ കവടിയാർ രാജപാതയിൽ ഉൾപ്പെടെ മൂന്ന് തവണ അമിതവേഗത്തിന് വഫയുടെ കാറിന് പിഴ ചുമത്തി. തുടർച്ചയായി പിഴ അടക്കാതെ മുങ്ങിയിട്ടും ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് മോട്ടോർ വാഹനവകുപ്പ് നീങ്ങിയില്ല.