ജാമ്യമില്ലാ വകുപ്പ് പ്രകാരം ശ്രീറാം വെങ്കിട്ടരാമന്‍ അറസ്റ്റില്‍

single-img
3 August 2019

മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തിൽ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അറസ്റ്റില്‍. അപകടത്തെ തുടർന്ന് ആദ്യം മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട് ശ്രീറാം മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പുകളും പോലീസ് ചുമത്തുകയായിരുന്നു.

സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ് നിയമപ്രകാരം എടുത്ത കേസുകളില്‍ കുറഞ്ഞപക്ഷം മുപ്പത് ദിവസമെങ്കിലും ജയിലില്‍ കിടന്നാല്‍ മാത്രമേ ശ്രീറാമിന് ജാമ്യം കിട്ടൂ എന്നാണ് നിയമവിദഗ്ദ്ധര്‍ നല്‍കുന്ന സൂചന.അപകടത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ശ്രീറാമിനെ മജിസ്ട്രേറ്റുമായി എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ ഉടനെ തന്നെ തിരുവനന്തപുരം മെഡി.കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. അപകടം നടക്കുമ്പോൾ ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന വാഹന ഉടമയും സംഭവത്തിലെ പ്രധാന സാക്ഷിയുമായ വഫ റിയാസിന്‍റെ മൊഴിയാണ് ശ്രീറാമിന് കുരുക്കായത്.