സസ്പെൻഷൻ; ജാമ്യമില്ലാവകുപ്പിൽ അറസ്റ്റ്: ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുകുന്നു

single-img
3 August 2019

മദ്യലഹരിയിൽ അമിതവേഗതയിൽ കാറോടിച്ച് സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റെ കുരുക്ക് മുറുകുന്നു. ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെയാണിത്. സാക്ഷിമൊഴിയുടെ അടിസ്ഥാനത്തിലാണ് വാഹനം ഓടിച്ചത് ശ്രീറാമാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. ശ്രീറാമിന്റെ
രക്തസാമ്പിൾ പരിശോധനയ്‌ക്കെടുത്തിട്ടുണ്ട്. ജനറൽ ഹോസ്പിറ്റലിൽ നിന്നുള്ള സംഘം ശ്രീറാം ചികിത്സയിൽ കഴിയുന്ന കിംസ് ആശുപത്രിയിൽ എത്തിയാണ് രക്തസാമ്പിൾ ശേഖരിച്ചത്.

അതേസമയം, സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കും. അപകടം വരുത്തിയവരെ രക്ഷിക്കാൻ ഉദ്യോഗസ്ഥ തലത്തിൽ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ അവർക്കെതിരേയും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും എന്നാണ് സൂചന. അതിനു ശേഷം അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ മ്യൂസിയം പൊലീസിട്ട ആദ്യത്തെ എഫ്ഐആറില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്.