കാറിടിച്ച് പരിക്കേറ്റ ബഷീറിനെ തന്റെ സ്കൂട്ടറിൽ കയറ്റിവിടാൻ ശ്രീറാം ശ്രമിച്ചു: ദൃക്‌സാക്ഷിയായ നിർണ്ണാ‍യക വെളിപ്പെടുത്തലുമായി വഴിയാത്രക്കാരൻ

single-img
3 August 2019

കാറിടിച്ച് പരിക്കേറ്റ ബഷീറിനെ തന്റെ സ്കൂട്ടറിൽ കയറ്റിവിടാൻ ശ്രീറാം വെങ്കിട്ടരാമൻ ശ്രമിച്ചതായി വഴിയാത്രക്കാരന്റെവെളിപ്പെടുത്തൽ. ജിത്തു എന്ന വഴിയാത്രക്കാരൻ ഏഷ്യാനെറ്റ് ന്യൂസ് ചാനലിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അപകടത്തിന്റെ ദൃക്‌സാക്ഷിയാണ് ജിത്തു. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫ ഫിറോസും സഞ്ചരിച്ച വോക്സ്വാഗൺ വെന്റോ കാർ ജിത്തുവിന്റെ സ്കൂട്ടറിനെ മറികടന്നു പോയാണ് മാധ്യമപ്രവർത്തകനായ കെഎം ബഷീറിന്റെ മോട്ടോർ സൈക്കിളിൽ ഇടിച്ചത്. ഭ്രാന്തമായ വേഗത്തിലായിരുന്നു കാർ ഓടിച്ചിരുന്നതെന്നും കാർ വരുന്നത് കണ്ട് ഭയന്ന് വശത്തേയ്ക്ക് ഒതുക്കിയതുകൊണ്ട് മാത്രമാണ് തന്റെ ജീവൻ രക്ഷപ്പെട്ടതെന്നും ജിത്തു പറയുന്നു. കാറിന്റെ ഡ്രൈവിംഗ് സീറ്റിലുണ്ടായിരുന്നത് പുരുഷനായിരുന്നുവെന്നും ജിത്തു പറയുന്നു.

കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയ ശേഷം തന്നോട് ബഷീറിനെ തന്റെ ആക്ടീവ സ്കൂട്ടറിൽ ആശുപത്രിയിൽ കൊണ്ടുപോകാമോ എന്ന് ചോദിച്ചുവെന്നും ജിത്തു പറയുന്നു. എന്നാൽ അത് സാധ്യമായിരുന്നില്ല.
ഇതിനിടയിൽ ബഷീറിന്റെ വായിലൂടെ രക്തം വരാൻ തുടങ്ങിയിരുന്നു. ഏകദേശം 20 മിനിട്ടോളം ആരും എത്തിയില്ലെന്നും പിന്നീട് മ്യൂസിയം പൊലീസ് എത്തി ആംബുലംൻസ് വിളിച്ച ശേഷമാണ് ബഷീറിനെ ആശുപത്രിയിൽ കൊണ്ടുപോയതെന്നും ജിത്തു പറഞ്ഞു.

ഷാജി കൈലാസിന്റെ ഉടമസ്ഥതയിലുള്ള റിംഗ്സ് എന്ന റെസ്റ്റോറന്റിലെ ജീവനക്കാരനാണ് ജിത്തു.