ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ചു; നിർണായകമായി സാക്ഷി മൊഴി

single-img
3 August 2019

സർവ്വേ ഡയറക്ടറായ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനം ഇടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ കെ എം ബഷീറാണ് മരിച്ചത്. അമിത വേഗതയിലായിരുന്ന വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അപകടത്തെ തുടര്‍ന്ന് നടന്ന വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമായിരുന്നു പഠനാവധി കഴിഞ്ഞെത്തിയ ശ്രീറാം വെങ്കിട്ടരാമനെ സർവേ ആൻഡ് ലാൻഡ് റെക്കോർഡ്സ് ഡയറക്ടറായി നിയമിച്ചത്. അതിന് പുറമേ കേരള ലാൻഡ് ഇൻഫർമേഷൻ മിഷൻ പ്രോജക്ട് ഡയറക്ടർ, ഹൗസിങ് കമ്മിഷണർ, ഹൗസിങ് ബോർഡ് സെക്രട്ടറി എന്നീ അധിക ചുമതലകളും സര്‍ക്കാര്‍ ശ്രീറാമിന് നൽകിയിരുന്നു.

അപകടത്തില്‍ നിര്‍ണ്ണായകമായി സാക്ഷി മൊഴികളും ലഭിച്ചിട്ടുണ്ട്. വാഹനം അപകടത്തില്‍ പെടുമ്പോള്‍ ശ്രീറാം വെങ്കിട്ടരാമൻ തന്നെയാണ് കാറൊടിച്ചിരുന്നതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരായ ഷഫീക്ക്, മണികുട്ടൻ എന്നിവർ വെളിപ്പെടുത്തി. അമിത വേ​ഗതയിലായിരുന്ന കാർ റോഡിൽ നിന്ന് തെന്നിമാറി കെ എം ബഷീർ സ‍ഞ്ചരിച്ച ബൈക്കിന് പുറകിൽ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കിൽ നിന്ന് എടുത്ത് മാറ്റി തറയിൽ കിടത്തിയത്. പിന്നീട് പോലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തതായി ഷഫീക്ക് പറഞ്ഞു. വെള്ളയമ്പലത്തിൽ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേ​ഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.

അപകടത്തില്‍ പെടുമ്പോള്‍ ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടനും പറഞ്ഞു. വാഹനം അമിതവേ​ഗതയിലാണ് സ‍ഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടൻ വ്യക്തമാക്കി. ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കൊല്ലത്ത് നടന്ന സിറാജ് പത്രത്തിന്റെ യോ​ഗത്തിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബഷീറിന്റെ ബൈക്ക് അപകടത്തിൽപെട്ടത്.