ജപ്പാന്‍ ‘മുന്‍ഗണന വ്യാപാര പങ്കാളി’ സ്ഥാനം നീക്കി; സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയ

single-img
3 August 2019

മുന്‍ഗണനാ വ്യാപാര പങ്കാളിയെന്ന നിലയില്‍ ജപ്പാന്‍ ദക്ഷിണ കൊറിയക്ക് നല്‍കിയിരുന്ന സ്ഥാനം എടുത്തു മാറ്റിയതോടെ ഇരു രാജ്യങ്ങളും തമ്മിലുടലെടുത്ത വ്യാപാര തര്‍ക്കം ആഗോള തലത്തിലുളള സെമി കണ്ടക്റ്റര്‍ വ്യവസായത്തെ വന്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ജപ്പാന്‍ ദക്ഷിണ കൊറിയയിലേക്ക് കയറ്റി അയക്കുന്ന മൂന്ന് പ്രധാനപ്പെട്ട രാസവസ്തുക്കള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് ഇരുരാജ്യങ്ങളും തമ്മിലുളള തര്‍ക്കം ഉടലെടുക്കാന്‍ കാരണം.

കൊറിയയിലേക്ക് എത്തുന്ന വസ്തുക്കള്‍ ആയുധങ്ങള്‍ക്കും സൈനിക ആവശ്യത്തിനും ഉപയോഗിക്കുന്നതായാണ് ജപ്പാന്‍ പറയുന്നത്. അതുകൊണ്ടുതന്നെ ഇവയ്ക്ക് അധിക പരിശോധനയും ജപ്പാന്‍ ഏര്‍പ്പെടുത്തി. ഇതിനെ ഒരു വ്യാപാര വിലക്കല്ലെന്ന് ജപ്പാന്‍ പറയുമ്പോള്‍ ഈ നടപടി സാമ്പത്തിക യുദ്ധ പ്രഖ്യാപനമാണെന്ന് ദക്ഷിണ കൊറിയ ആരോപിക്കുന്നു.

ഈ മാസം 28 മുതല്‍ പുതിയ വ്യാപാര നിയന്ത്രണങ്ങള്‍ നിലവില്‍ വരുമെന്ന് ജപ്പാന്‍ വ്യക്തമാക്കി. അങ്ങിനെയെങ്കില്‍ വരാനിരിക്കുന്നത് ആഗോളതലത്തില്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വമ്പന്‍ പ്രതിസന്ധിയായിരിക്കും.