സി.ഒ.ടി. നസീർ വധശ്രമം: ഷംസീർ എംഎൽഎയുടെ സഹോദരന്റെ കാർ പൊലീസ് കസ്റ്റഡിയിൽ

single-img
3 August 2019

തലശ്ശേരി: സി.ഒ.ടി. നസീര്‍ വധശ്രമക്കേസുമായി ബന്ധപ്പെട്ട് എ.എന്‍. ഷംസീര്‍ എം.എല്‍.എയുടെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. തനിക്കെതിരെ ഗൂഢാലോചന നടന്നത് ഈ കാറില്‍ വെച്ചാണെന്ന സി.ഒ.ടി. നസീറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘം ശനിയാഴ്ച ഉച്ചയോടെ കാർ കസ്റ്റഡിയിലെടുത്തത്. ആക്രമണത്തില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എയ്ക്ക് പങ്കുണ്ടെന്നും ഇദ്ദേഹം മൊഴി നല്‍കിയിരുന്നു.

ഈ വാഹനമാണ് ഷംസീർ എംഎൽഎ ബോർഡ് വച്ച് ഉപയോഗിക്കുന്നത്. ഇത് പലപ്പോഴും ഓടിച്ചിരുന്നത് വധശ്രമ കേസിൽ അറസ്റ്റിലായ രാഗേഷാണ്. ഗൂഢാലോചനയിൽ ഷംസീറിനു പങ്കുണ്ടെന്ന് നസീർ ആരോപിച്ചിരുന്നത് ഈ ബന്ധം വച്ചായിരുന്നു.

കേസിൽ നേരത്തെ അറസ്റ്റിലായ രാഗേഷ്, പെട്ടി സന്തോഷ് എന്നിവരില്‍നിന്ന് ഗൂഢാലോചന സംബന്ധിച്ച് പോലീസ് വിവരങ്ങള്‍ തേടിയിരുന്നു. എം.എല്‍.എയുടെ കാറില്‍ രാഗേഷ് കിന്‍ഫ്ര പാര്‍ക്കിന് മുന്നിലെത്തി ഗൂഢാലോചന നടത്തിയെന്നായിരുന്നു സന്തോഷിന്റെ മൊഴി. സന്തോഷിന്റെ മൊഴിയിൽ പറയുന്ന നമ്പറിലുള്ള അതേ വാഹനത്തിലായിരുന്നു ഷംസീർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ജൂലൈ മധ്യത്തിൽ കണ്ണൂരിൽ എത്തിയതും. എംഎൽഎ എന്ന ബോർഡ് വാഹനത്തിൽനിന്നു നീക്കം ചെയ്തിരുന്നു.

മെയ് 18-ാം തീയതി രാത്രിയിലാണ് തലശ്ശേരി കയ്യത്ത് റോഡില്‍വച്ച് സി.ഒ.ടി. നസീര്‍ ആക്രമിക്കപ്പെട്ടത്. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന നസീറിനെ ബൈക്കിലെത്തിയ സംഘം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.