ചാവക്കാട് നൗഷാദിന്റെ കൊലപാതകത്തിന്റെ പിന്നില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചതിലുള്ള പക; മുഖ്യപ്രതികളിലൊരാള്‍ അറസ്റ്റില്‍

single-img
3 August 2019

തൃശൂർ ജില്ലയിലെ ചാവക്കാട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ കൊന്ന കേസിലെ പ്രധാന പ്രതികളിലൊരാള്‍ അറസ്റ്റിലായി. ചാവക്കാട് നാലാംകല്ല് സ്വദേശിയായ മുബീനാണ് അറസ്റ്റിലായത്. നൗഷാദ് എസ്ഡിപിഐ പ്രവര്‍ത്തകനെ ആക്രമിച്ചതിനുള്ള പകയാണ് കൊലയ്ക്കുള്ള കാരണമെന്ന് പോലീസ് പറയുന്നു.

ധാരാളം കേസുകളില്‍ പ്രതിയായ മുബീന്‍ നൗഷാദിനെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നു. ചാവക്കാടുള്ള എസ്ഡിപിഐയുടെ പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് കൊല നടന്നതെന്നും മുബീന്‍ പോലീസിനു മൊഴി നല്‍കി. ഇപ്പോൾ മാത്രമല്ല, ഇതിന് മുന്‍പും നൗഷാദിനെ വധിക്കാന്‍ ശ്രമം നടന്നിരുന്നെന്നും മുബീന്‍ പറഞ്ഞു.

കൊലപാതകത്തിൽ ഉൾപ്പെട്ട മറ്റുള്ള പ്രതികളെക്കുറിച്ചുള്ള വിവരങ്ങളും മുബീന്‍ പോലീസിനു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ മാസം 30-നാണ് ചാവക്കാട് പുന്നയില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. ആക്രമണത്തിൽ നൗഷാദ് കൊല്ലപ്പെട്ടിരുന്നു.ആക്രമണത്തിന്റെ പിന്നില്‍ എസ്ഡിപിഐയാണെന്നതിനെച്ചൊല്ലി ഏറെ വിവാദം ഉണ്ടായിരുന്നു.