അമ്പൂരി കൊലപാതകം; നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു

single-img
3 August 2019

തിരുവനന്തപുരം അമ്പൂരി കൊലപാതകത്തിൽ നിർണായക തെളിവായ രാഖിയുടെ വസ്ത്രങ്ങൾ കണ്ടെടുത്തു.
തെളിവെടുപ്പിനിടെ ചിറ്റാറ്റിൻകരയിൽ വഴിയരികിൽ ഉപേക്ഷിച്ച നിലയിലാണു വസ്ത്രങ്ങൾ കണ്ടെത്തിയത്.
ഈ വസ്ത്രത്തിൽ രക്തക്കറയുണ്ട്.

കൊലപാതക ശേഷം രക്ഷപ്പെടുന്നതിനിടയിൽ വസ്ത്രങ്ങൾ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു. കഴിഞ്ഞ ദിവസം പ്രതിയുമായി നടന്ന തെളിവെടുപ്പിൽ കൊല്ലപ്പെട്ട രാഖിയുടേതെന്ന് കരുതുന്ന മൊബൈല്‍ ഫോണും കൊല്ലാൻ ഉപയോഗിച്ച കയറും കണ്ടെടുത്തിരുന്നു.

കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിക്കുന്നതിനായി പ്രതികള്‍ മൂന്ന് ഭാഗങ്ങളായി ഉപേക്ഷിച്ച ഫോണ്‍ വാഴിച്ചല്‍ ഭാഗത്തുനിന്നാണ് കണ്ടെടുത്തത്. കൊലപാതക ശേഷം ഈ മൊബൈലിലെ സിം മാറ്റിയ ശേഷം അന്വേഷണം വഴിതെറ്റിക്കാനായി പ്രതികള്‍ ഉപയോഗിച്ചിരുന്നു. ഇപ്പോൾ രാഖിയുടെ വസ്ത്രങ്ങൾക്കും ഹാന്‍ഡ് ബാഗിനുമായുള്ള തിരച്ചിൽ തുടരുന്നതിനിടെയാണ് ഇപ്പോൾ വസ്ത്രങ്ങൾ കണ്ടെത്തിയത്.

രാഖി ഉപയോഗിച്ചിരുന്ന ബാഗ് ഗുരുവായൂർ യാത്രയ്ക്കിടെ ബസിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് മുഖ്യപ്രതി അഖിൽ മൊഴി നൽകിയിരുന്നു. അഖിലിന്റെ വീട്ടിൽ നിന്നായിരുന്നു കയർ കണ്ടെത്തിയത്.

രാഖിയെ കാണാതായി ഒരു മാസത്തിനുശേഷമാണ് മൃതദേഹം അമ്പൂരിയിൽ അഖിലിന്റെ വസതിയിൽനിന്ന് കുഴിച്ചിട്ട് ഉപ്പുവിതറിയ നിലയിൽ കണ്ടെത്തിയത്.