സ്വീകരിച്ചിട്ടുള്ളത് കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികള്‍; വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി

single-img
3 August 2019

ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കട്ടരാമന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ വാഹനമോടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. സംഭവത്തില്‍ കുറ്റമറ്റ അന്വേഷണം നടത്താനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു.

അപകടത്തില്‍ പോലീസ് നടപടി സ്വീകരിച്ച ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഈ കാര്യം പ്രത്യേകം അന്വേഷിക്കണമെന്ന് ഡിജിപിയോട് പറഞ്ഞിട്ടുണ്ട്. അതേപോലെ നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിയ്ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അതേസമയം ശ്രീറാംവെങ്കട്ട രാമനാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ടെങ്കിലും പോലീസ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഈ കാര്യത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി വ്യക്തമായിട്ടുണ്ട്. അപകട ശേഷം ആശുപത്രിയില്‍ യുവതിയുടെ രക്തസാമ്പിള്‍ മാത്രമാണ് ശേഖരിച്ചിട്ടുള്ളതെന്നും ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാമ്പിള്‍ എടുത്തിട്ടില്ലെന്നും സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗരുഡിന്‍ പറഞ്ഞിട്ടുണ്ട്.