കോഴിക്കോട് യുവതിക്ക് നേരെ ആസിഡ് ഒഴിച്ചശേഷം കത്തികൊണ്ട് കുത്തി; ആക്രമണത്തിന് പിന്നില്‍ ആദ്യഭര്‍ത്താവെന്ന് സൂചന

single-img
3 August 2019

കോഴിക്കോട് ജില്ലയിലെ കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ശേഷം അക്രമി യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു. കാരശ്ശേരിയിലെ ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാരശ്ശേരി സ്വദേശി സ്വപ്‌നയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.അക്രമി പിന്തുടർന്നെത്തി ദേഹത്തേയ്ക്ക് ആസിഡൊഴിക്കുകയായിരുന്നു.

അലറിക്കരഞ്ഞ യുവതിയെ അക്രമി കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് കുത്തി. കുത്തേറ്റ യുവതി താഴെ വീണു. കൊല്ലാനുദ്ദേശിച്ച് തന്നെയാണ് അക്രമി യുവതിയെ കുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് എത്തിച്ചു.

ജോലി കഴിഞ്ഞ് തിരിച്ചുവരവെയാണ് ആക്രമണമുണ്ടായത്. അക്രമി യുവതിയുടെ ആദ്യഭര്‍ത്താവാണെന്നാണ് സൂചന.ആദ്യ ഭർത്താവായ സുഭാഷുമായി ബന്ധം വേർപിരിഞ്ഞതാണ് യുവതി. യുവതിയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛൻ ബാലകൃഷ്ണൻ പറയുന്നു. യുവതിയെ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയിരുന്നു.

ആക്രമണ സമയത് ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ അക്രമി ഓടിരക്ഷപ്പെടുകയായിരുന്നു. ആരാണ് അക്രമം നടത്തിയതെന്ന് ഇതുവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടില്ല. എന്താണ് അക്രമത്തിന് പിന്നിലെ കാരണമെന്നതും വ്യക്തമല്ല. സ്ഥലത്ത് നിന്ന് പൊലീസ് അക്രമി ഉപേക്ഷിച്ചുപോയ കത്തി കണ്ടെത്തിയിട്ടുണ്ട്.