ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാൻ വീണ്ടും സന്നദ്ധത അറിയിച്ച് ട്രംപ്

single-img
2 August 2019

കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനുമിടയിൽ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.  കശ്മീർ വിഷയത്തിൽ ട്രംപിന്റെ മധ്യസ്ഥതാ വാഗ്ദാനം ഇന്ത്യ സ്വീകരിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, മധ്യസ്ഥതാ വാഗ്ദാനം സ്വീകരിക്കണോ വേണ്ടയോ എന്നത് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ വിഷയം പരിഹരിക്കണോ വേണ്ടയോ എന്നത് ഇന്ത്യയും പാകിസ്താനുമാണ് തീരുമാനിക്കേണ്ടത്. കാലങ്ങളായി തുടരുന്ന പ്രശ്നത്തില്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുമ്പോഴായിരുന്നു ട്രംപിന്‍റെ പ്രസ്താവന. 

കശ്മീര്‍ വിഷയത്തില്‍ ഇടപെടാമെന്ന് പാക്ക് പ്രധാനമന്ത്രി  ഇമ്രാന്‍ ഖാനോട് പറഞ്ഞതായും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ നേരത്തെ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് മോദി തന്നോട് ആവശ്യപ്പെട്ടതായുള്ള വാദം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടും രംഗത്തെത്തിയത്.