സ്ത്രീകള്‍ക്ക് ഇനി പുരുഷന്റെ അനുമതിയില്ലാതെ യാത്ര ചെയ്യാം; സുപ്രധാന തീരുമാനവുമായി സൗദി ഭരണകൂടം

single-img
2 August 2019

പുരുഷന്റെ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് വിദേശയാത്ര നടത്താന്‍ പറ്റില്ലെന്ന നിയമം സൗദി അറേബ്യ പിന്‍വലിച്ചു. വെള്ളിയാഴ്ച ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം 21 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പുരുഷ രക്ഷിതാവിന്റെ അനുമതിയില്ലാതെ പാസ്‌പോര്‍ട്ടിന് അപക്ഷേിക്കാനും യാത്ര ചെയ്യാനും സാധിക്കും.

അപേക്ഷ സമര്‍പ്പിക്കുന്ന സൗദി പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് നല്‍കുമെന്ന് ഔദ്യോഗിക ഗസറ്റ് വിജ്ഞാപനത്തിലൂടെ സൗദി ഭരണകൂടവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സൗദി സ്ത്രീകള്‍ക്ക് വിവാഹം കഴിക്കുന്നതിനും രാജ്യത്തിന് പുറത്തേക്ക് സഞ്ചരിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് പുതുക്കുന്നതിനും പുരുഷ രക്ഷകര്‍ത്താവിന്റെ അനുമതി വേണമെന്നത് കാലങ്ങളായി സൗദിയിലെ നിയമമാണ്.

സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ മാനിക്കുന്ന തീരുമാനത്തെ സ്വാഗതം ചെയ്ത ജനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിരവധി ഹാഷ്ടാഗുകളുമായി സജീവമായിരിക്കുകയാണ്. സമൂഹത്തില്‍ സ്ത്രീക്കും പുരുഷനും സമത്വം സാധ്യമാക്കുന്ന തീരുമാനം ചരിത്രമാണെന്നും ഏറെ സന്തോഷമുണ്ടെന്നും സൗദി സ്ത്രീകളിലൊരാള്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ സ്ത്രീകള്‍ക്ക് വാഹനമോടിക്കുന്നതിനുള്ള വിലക്ക് സൗദി പിന്‍വലിച്ചിരുന്നു.