ലോക സാമ്പത്തികശക്തി; ഫ്രാൻസും ബ്രിട്ടനും വീണ്ടും ഇന്ത്യയെ പിന്നിലാക്കി

single-img
2 August 2019

ജിഡിപി അടിസ്ഥാനത്തില്‍ ലോകബാങ്ക് തയ്യാറാക്കിയ പട്ടികയിൽ ഇന്ത്യക്ക് തിരിച്ചടി. രണ്ട് വര്ഷം മുന്‍പ് അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ 2018 ലെ കണക്കുകൾ പുറത്തുവന്നപ്പോൾ ഏഴാം സ്ഥാനത്തായി. തൊട്ടു പിന്നിലുണ്ടായിരുന്ന ഫ്രാൻസും ബ്രിട്ടനും വീണ്ടും ഇന്ത്യയെ പിന്നിലാക്കി. ഏറ്റവും പുതിയ പട്ടിക പ്രകാരം അമേരിക്ക, ചൈന, ജപ്പാൻ, ജർമ്മനി, ബ്രിട്ടൻ, ഫ്രാൻസ് എന്നിവർക്ക് താഴെയാണ് ഇന്ത്യ.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫ്രാൻസിനെ മറികടന്ന് ആറാം സ്ഥാനത്തെത്തിയ ഇന്ത്യയുടെ 2018 ലെ മൊത്ത ആഭ്യന്തര ഉൽപ്പാദനം വെറും 2.7 ട്രില്യൺ ഡോളറായിരുന്നു. അതേസമയം ഫ്രാൻസ് 2.8 ട്രില്യൺ ഡോളർ നേടി മുന്നേറി. നിലവില്‍ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് 20.5 ട്രില്യൺ ഡോളറാണ് ജിഡിപി. തൊട്ടു പിന്നില്‍ രണ്ടാമതുള്ള ചൈന 13.6 ട്രില്യൺ ഡോളറാണ് ജിഡിപി നേടിയത്.

പിന്നീടുള്ള ജപ്പാൻ അഞ്ച് ട്രില്യണും, ജർമ്മനി നാല് ട്രില്യണും യഥാക്രമം നേടി. ഇപ്പോള്‍ ബ്രിട്ടനും ഫ്രാൻസും 2.8 ട്രില്യൺ ഡോളറിലേറെ ജിഡിപിയുമായി അഞ്ചും ആറും സ്ഥാനത്താണ്. രണ്ട് വര്ഷം മുന്‍പ് ഇന്ത്യയുടെ ഡിജിപി 2.65 ട്രില്യൺ ഡോളറായിരുന്നു. ബ്രിട്ടന്റേത് 2.64 ട്രില്യൺ ഡോളറും ഫ്രാൻസിന്റേത് 2.5 ട്രില്യൺ ഡോളറുമായിരുന്നു. ഏഷ്യയില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായിരുന്ന ഇന്ത്യ ഇതോടെ ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുകയായിരുന്നു. രാജ്യത്തെ ആഭ്യന്തര ഉൽപ്പാദനത്തിലുണ്ടായ കുറവും രൂപയുടെ വിലയിടിവുമാണ് ഏഴാം സ്ഥാനത്തേക്ക് പോകാനുള്ള കാരണമായി സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.