പാലക്കാട് എആര്‍ ക്യാമ്പിലെ പൊലീസുദ്യേഗസ്ഥന്‍റെ ആത്മഹത്യ; ഏഴ് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
2 August 2019

പാലക്കാട് എആര്‍ ക്യാംപിലെ പോലീസുദ്യോഗസ്ഥന്‍ കുമാറിന്റെ ആത്മഹത്യയില്‍ ആത്മഹത്യയില്‍ ആരോപണ വിധേയരായ എഴ് പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ഉദ്യോഗസ്ഥരായ റഫീഖ്, ഹരിഗോവിന്ദ്, മഹേഷ്, മുഹമ്മദ് ആസാദ്, ശ്രീജിത്ത്, ജയേഷ്, വൈശാഖ് എന്നീവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

അതേസമയം കുമാറിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതായും അന്വേഷണ വിധേയമായി പൊലീസുകാരെ സസ്‌പെന്റ് ചെയ്തതായും പാലക്കാട് എസ്പി ജി ശിവവിക്രം മാധ്യമങ്ങളെ അറിയിച്ചു.

പോലീസുകാര്‍ക്ക് ക്വര്‍ട്ടേഴ്‌സ് അനുവദിച്ചതില്‍ ചില ക്രമക്കേടുകള്‍ നടന്നതായും കുമാറിന്റെ സാധനങ്ങള്‍ സഹപ്രവര്‍ത്തകര്‍ അദ്ദേഹം അറിയാതെ മാറ്റിയതായും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായും പ്രാരംഭ നടപടികള്‍ മാത്രമാണ് കേസില്‍ ഇതുവരെ സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവത്തിൽ കൂടുതൽ വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ നടപടികള്‍ ഉണ്ടാവുമെന്നും എസ്പി പറഞ്ഞു. ആത്മഹത്യ ചെയ്ത കുമാര്‍ ജാതീയമായ ആക്ഷേപത്തിന് ഇരയായെന്നും സഹപ്രവര്‍ത്തകരില്‍ മര്‍ദ്ദനമേറ്റെന്നുമുള്ള ആരോപണങ്ങള്‍ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ലെന്ന് എസ്പി അറിയിച്ചു.
കുമാറിന്റെ മരണ കാരണം ജാതീയ ആക്രമണമാണെന്ന് ഭാര്യയും ബന്ധുക്കളും നേരത്തെ ആരോപിച്ചിരുന്നു.