തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന; നിയമ ലംഘനത്തിന് ലൈസൻസ് സസ്പെൻഡ് ചെയ്യും

single-img
2 August 2019

റോഡ് സുരക്ഷാ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായി ഈ മാസം 5 മുതൽ 31 വരെ സംസ്ഥാനത്ത് സംയുക്ത വാഹന പരിശോധന കർശനമായി നടത്താൻ സർക്കാർ തീരുമാനം. സംസ്ഥാനത്തെ അപകടനിരക്കും അപകട മരണനിരക്കും കുറയ്ക്കുന്നതിന്റെ ഭാഗമായാണു നടപടി.

ഓരോ തീയതികളിൽ ഓരോതരം നിയമലംഘനങ്ങൾക്കെതിരെയാകും പരിശോധന. പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി മറ്റു വിഭാഗങ്ങളുടെ കൂടി സഹകരണത്തോടെയാണിതു നടപ്പാക്കുക.

5 മുതൽ 7 വരെ സീറ്റ് ബെൽറ്റ്, 8 മുതൽ 10 വരെ അനധികൃത പാർക്കിങ്, 11 മുതൽ 13 വരെ അമിതവേഗം (പ്രത്യേകിച്ച് സ്‌കൂൾ മേഖലയിൽ), 14 മുതൽ 16 വരെ മദ്യപിച്ചുള്ള വാഹനമോടിക്കലും ലെയ്ൻ ട്രാഫിക്കും, 17 മുതൽ 19 വരെ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, 20 മുതൽ 23 വരെ സീബ്രാ ക്രോസിങ്ങും റെഡ് സിഗ്നൽ ജംപിങ്ങും 24 മുതൽ 27 വരെ സ്പീഡ് ഗവേണറും ഓവർലോഡും, 28 മുതൽ 31 വരെ കൂളിങ് ഫിലിം, കോൺട്രാക്ട് ക്യാരിജുകളിലെ അധികലൈറ്റുകളും മ്യൂസിക് സിസ്റ്റവും എന്നീ വിഭാഗങ്ങൾ തിരിച്ചാണു പരിശോധന.

അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നിവയ്ക്ക് പിടിക്കപ്പെടുന്ന ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇവർക്ക് റോഡ് സുരക്ഷയെക്കുറിച്ച് ഒരു ദിവസത്തെ ക്ലാസ് നൽകും.