ഉന്നാവോ അപകടം: കാറിലിടിച്ച ട്രക്ക് ഉടമ യു.പി മന്ത്രിയുടെ മരുമകന്‍

single-img
1 August 2019

ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരിയും കുടുംബവും സഞ്ചരിച്ച കാറിലിടിച്ച ട്രക്കിന്റെ ഉടമയെ തിരിച്ചറിഞ്ഞു. ഉത്തര്‍പ്രദേശ് കൃഷി സഹമന്ത്രിയുടെ മരുമകന്‍ അരുണ്‍ സിംഗാണ് ട്രക്കിന്റെ ഉടമ. സമാജ് വാദി പാര്‍ട്ടിയുടെ നവാബ് ഗഞ്ച് ബ്ലോക്ക് അധ്യക്ഷനാണ് അരുണ്‍ സിംഗ്. ഉന്നാവോ സംഭവത്തില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഏഴാം പ്രതി കൂടിയാണ് ഇയാള്‍.

അരുണ്‍ സിംഗിനെതിരെ പെണ്‍കുട്ടിയുടെ കുടുംബം നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ബലാത്സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെതിരെയുള്ള പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കാണിച്ചാണ് ഇയാള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയത്.

അതിനിടെ, അപകടത്തില്‍ ദുരൂഹത ഉയര്‍ത്തി ദൃക്‌സാക്ഷിയുടെ വെളിപ്പെടുത്തല്‍. അപകടമുണ്ടാക്കിയ ട്രക്ക് റോഡിന്റെ വലതു വശത്തു കൂടിയാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷി അര്‍ജുന്‍ പറഞ്ഞു. കാറും ട്രക്കും അമിതവേഗതയില്‍ ആയിരുന്നുവെന്നും അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടെന്നും അര്‍ജുന്‍ വ്യക്തമാക്കി.

സുരക്ഷ ഉദ്യോഗസ്ഥരില്ലാതെ സഞ്ചരിച്ചതും ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മായ്ക്കാന്‍ ശ്രമിച്ചതുമാണ് ഉന്നാവോ പെണ്‍കുട്ടി ഉള്‍പ്പെട്ട വാഹനാപകട കേസില്‍ ദുരൂഹതയുണര്‍ത്തുന്നത്. ലക്‌നൗവില്‍ നിന്ന് 85 കിലോമീറ്റര്‍ അകലെ റായ്ബറേലിയിലെ ഗുരുബക്ഷ് ഗഞ്ചിലാണ് അപകടം നടന്നത്.

അതേസമയം, ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഉന്നാവോ പീഡനക്കേസിലെ പരാതിക്കാരി ചീഫ് ജസ്റ്റിസിനയച്ച കത്ത് സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അപകടത്തില്‍പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന റിപ്പോര്‍ട്ടും യു.പി സര്‍ക്കാര്‍ ഇന്ന് കോടതിക്ക് കൈമാറും. ഉന്നാവോ വാഹനാപകട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ അന്വേഷണം തുടരുകയാണ്.