സിദ്ദു ഡൽഹി പിസിസി അധ്യക്ഷ സ്ഥാനത്തേക്ക്; മുഖംമിനുക്കാൻ കോൺഗ്രസ്

single-img
1 August 2019

പഞ്ചാബ് മുന്‍ മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഷീല ദീക്ഷിതിന്റെ മരണത്തോടെ ഒഴിവുവന്ന പിസിസി അധ്യക്ഷ സ്ഥാനത്തേക്കു സിദ്ദുവിനെ നിയമിച്ചേക്കുമെന്നാണു റിപ്പോര്‍ട്ട്.

കോണ്‍ഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുത്ത ശേഷം ഇതു സംബന്ധിച്ചു തീരുമാനമുണ്ടാകുമെന്നാണു സൂചന. എന്നാല്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കോണ്‍ഗ്രസ് വൃത്തങ്ങള്‍ തയ്യാറായില്ല. ഡല്‍ഹി പിസിസി അധ്യക്ഷന്റെ നിയമനം സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പി.സി. ചാക്കോ പറഞ്ഞു.

പഞ്ചാബിലെ അമൃത്സര്‍ കിഴക്കിലെ എംഎല്‍എയാണ് സിദ്ദു. നേരത്തെ പഞ്ചാബ് മന്ത്രിസഭയിലുണ്ടായിരുന്ന അദ്ദേഹം മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്ന് അടുത്തിടെ സ്ഥാനം രാജിവെച്ചിരുന്നു. തനിക്കുണ്ടായിരുന്ന സുപ്രധാന വകുപ്പുകള്‍ എടുത്ത് മാറ്റിയതോടെയാണ് സിദ്ദു പഞ്ചാബ് മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭാര്യക്ക് സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത് സംബന്ധിച്ചും അമരീന്ദര്‍ സിങുമായി സിദ്ദുവിന് അഭിപ്രായഭിന്നതയുണ്ടായിരുന്നു. പഞ്ചാബ് മന്ത്രിസ്ഥാനം രാജിവെച്ച ശേഷം പ്രിയങ്കാ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയിലാണ് സിദ്ദുവിനെ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡല്‍ഹി അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു സിദ്ദുവിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടതായും സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ ഒരുക്കമാണെന്നു സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.