എന്താണ് ഈ രാജ്യത്ത് നടക്കുന്നത് ?; ഉന്നാവ് കേസിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

single-img
1 August 2019

ഉന്നാവ് പെൺകുട്ടിയ്ക്ക് സംഭവിച്ച വാഹനാപകട കേസിൽ ഏഴു ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്. കേസിൽ അന്വേഷണം പൂർത്തിയാക്കാൻ ഒരു മാസം സമയമെടുക്കുമെന്ന് സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചെങ്കിലും ചീഫ് ജസ്റ്റിസ് സമ്മതിച്ചില്ല.

പെൺകുട്ടിയുടെ വാഹനാപകടക്കേസ് ഉൾപ്പെടെ എല്ലാ കേസുകളുടെയും വിചാരണ സുപ്രീംകോടതി ഡൽഹിയിലേക്കു മാറ്റി. ഇരയായ പെൺകുട്ടിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നൽകണമെന്ന് ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു. പെൺകുട്ടി, അഭിഭാഷകൻ, പെൺകുട്ടിയുടെ മാതാവ്, നാല് സഹോദരങ്ങൾ, അടുത്ത ബന്ധുക്കൾ തുടങ്ങിയവർക്ക് 24 മണിക്കൂറും കേന്ദ്രസേനയുടെ സുരക്ഷ നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

കേസിലെ വിചാരണ 45 ദിവസത്തിനകം പൂർത്തിയാക്കണം. വിചാരണയ്ക്കായി പ്രത്യേക ജഡ്ജിയെ നിയമിക്കണം. ദിവസേന വാദം കേൾക്കണമെന്നും കോടതി നിർദേശിച്ചു. ഉന്നാവ് കേസിലെ അന്വേഷണത്തിനെതിരെ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസ് ഉന്നയിച്ചത്. ഈ കേസിൽ നിയമപ്രകാരം എന്തെങ്കിലും നടക്കുന്നുണ്ടോ എന്നും ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

പെൺകുട്ടിയുടെ നിലവിലെ ആരോഗ്യസ്ഥിതിയെക്കുറിച്ചും ചീഫ് ജസ്റ്റിസ് സോളിസിറ്റർ ജനറലിനോട് വിവരം ആരാഞ്ഞു. പെൺകുട്ടി നിലവിൽ വെന്റിലേറ്ററിലാണെന്നായിരുന്നു തുഷാർ മെഹ്തയുടെ മറുപടി. പെൺകുട്ടിയ്ക്ക് യാത്രചെയ്യാൻ കഴിയുന്ന അവസ്ഥയാണെങ്കിൽ എയർ ലിഫ്റ്റിലൂടെ ഡൽഹി എയിംസിലേക്കെത്തിക്കാൻ കോടതി ഉത്തരവിടാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

അതിനിടെ, പെൺകുട്ടി ചീഫ് ജസ്റ്റിസിന് അയച്ച കത്ത് ലഭിക്കാൻ വൈകിയതിൽ സുപ്രീം കോടതി സെക്രട്ടറി ജനറലും കോടതിയിൽ വിശദീകരണം നൽകി. ഉന്നാവ് പെൺകുട്ടിയുടെ പേര് അറിയാതിരുന്നതാണ് കത്ത് ലഭിക്കാൻ വൈകിയതിന് കാരണമെന്നും ഈ മാസം മാത്രം 6800 കത്തുകൾ സുപ്രീം കോടതിയിൽ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.