പ്രതിപക്ഷ ഭേദഗതി വോട്ടിനിട്ട് തള്ളി; മെഡിക്കൽ കമ്മീഷൻ ബില്‍ രാജ്യസഭ പാസാക്കി

single-img
1 August 2019

ഡോക്ടർമാർക്ക്പഠനശേഷം പ്രാക്ടീസ് ആരംഭിക്കാന്‍ അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭ പാസാക്കി. രാജ്യസഭയില്‍ 101 പേർ ബില്ലിനെ പിന്തുണച്ചപ്പോള്‍ 51 പേർ എതിർത്തു. ലോക്സഭ മുന്‍പേ തന്നെ ഈ ബില്‍ പാസാക്കിയിരുന്നു. ബില്ലിനെതിരെ രാജ്യത്തെ ഡോക്ടർമാരുടെ കടുത്ത പ്രതിഷേധ സമരം നടക്കുമ്പോഴാണ് ബില്ല് നിയമമാകാൻ പോകുന്നത്.

ബില്‍ പ്രകാരം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കും. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതാണ് ബില്ലെന്ന് ആരോപിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. പക്ഷെ ബില്ലില്‍ നിര്‍ദ്ദേശിച്ച പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി.

പുതിയ നിയമ പ്രകാരം എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഈ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. അതേപോലെ ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം.

പ്രാഥമിക ശുശ്രൂഷ, പ്രതിരോധ കുത്തിവയ്‍പുകൾ എന്നിവയ്ക്ക് മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗങ്ങളുള്ള ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി. അതോടെ
ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും.

അതിന് പകരമായി മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. അതേപോലെ സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം – എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ.