നിരവധി സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച യുവാവ് പാലക്കാട് അറസ്റ്റില്‍

single-img
1 August 2019

സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും കാട്ടി ഭീഷണിപ്പെടുത്തി ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ യുവാവ് അറസ്റ്റില്‍. ചേര്‍ത്തല തുറവൂര്‍ കളത്തില്‍ വീട്ടില്‍ കാര്‍ത്തികേയന്റെ മകന്‍ വിഷ്ണു ശ്രീകുമാറാണ് (ശ്യാം 29) അറസ്റ്റിലായത്.

വിധവകളെയും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ സ്ത്രീകളെയും ഭര്‍ത്താവ് സ്ഥലത്ത് ഇല്ലാത്തവരെയുമാണ് വിഷ്ണു ലക്ഷ്യമിട്ടിരുന്നത്. ഫോണിലൂടെ പരിചയപ്പെട്ട് സ്ത്രീകളുടെ ഫോട്ടോയും വീഡിയോയും സംഘടിപ്പിക്കും. പിന്നീട് ഇത് ഉപയോഗിച്ച് ഭീഷണിപ്പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യും.

സമൂഹമാധ്യമങ്ങളിലൂടെ ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുമെന്ന് പറഞ്ഞായിരുന്നു ഇയാള്‍ സ്ത്രീകളെ വലയിലാക്കിയിരുന്നത്. മാനഹാനി ഭയന്ന് പലരും പരാതിയുമായി രംഗത്തെത്താറില്ലെന്നും പൊലീസ് പറയുന്നു.

ലൈംഗികമായി ചൂഷണം ചെയ്തശേഷം വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ത്രീകളില്‍നിന്ന് സ്വര്‍ണവും പണവും തട്ടിയെടുക്കുകയും ചെയ്തിരുന്നു. മലമ്പുഴ പോലീസ് സ്റ്റേഷന്‍, പാലക്കാട് ടൗണ്‍ സൗത്ത് സ്റ്റേഷന്‍, എന്നിവിടങ്ങളില്‍ ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി കളവ്, ഭവനഭേദനം തുടങ്ങിയ 15ഓളം കേസുകളിലും പ്രതിയാണ്. ഇയാള്‍ ഗുരുവായൂര്‍ ലോഡ്ജിലുണ്ടെന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലഭിച്ച വിവരത്തെത്തുടര്‍ന്ന് പിടികൂടുകയായിരുന്നു.