ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്; പ്രതികരിക്കാതെ ട്രംപ്

single-img
1 August 2019

അല്‍ ഖ്വയ്ദ നേതാവും ഉസാമ ബിന്‍ ലാദന്റെ മകനുമായ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മൂന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ദരിച്ചുകൊണ്ട് എന്‍.ബി.സി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എവിടെ വെച്ചാണ് ഹംസ കൊല്ലപ്പെട്ടതെന്നോ തീയതിയോ, അതില്‍ യു.എസിനു പങ്കുണ്ടോ എന്നോ വ്യക്തമാക്കിയിട്ടില്ല. 29കാരനായ ഹംസ ബിന്‍ ലാദനെ പിടികൂടുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് അമേരിക്കന്‍ ആഭ്യന്തരമന്ത്രാലയം ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചിരുന്നു.

അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും എതിരായി ആക്രമണം നടത്താന്‍ ആഹ്വാനം ചെയ്ത് ഹംസ വീഡിയോ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ടിരുന്നു. ബുധനാഴ്ച രാവിലെ ഹംസ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നെങ്കിലും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപോ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടനോ ഇതിനോടു പ്രതികരിച്ചിരുന്നില്ല. 2011ല്‍ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ യുഎസ് സേനയാണ് ലാദനെ വധിക്കുന്നത്.

‘ജിഹാദിന്റെ കിരീടാവകാശി’ എന്നറിയപ്പെടുന്ന ഹംസ ബിന്‍ ലാദന്റെ വിവരങ്ങള്‍ ഒരിക്കല്‍ പോലും പുറത്തുവന്നിരുന്നില്ല. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സിറിയ എന്നിവിടങ്ങളിലോ ഇറാനില്‍ വീട്ടുതടങ്കലിലോ ആണ് ഹംസയെന്നായിരുന്നു യുഎസിന്റെ വിലയിരുത്തല്‍. 2001 സെപ്റ്റംബര്‍ 11ല്‍ യുഎസിലുണ്ടായ ആക്രമണത്തിനു പിന്നില്‍ അല്‍ഖ്വയിദ ആയിരുന്നു. എന്നാല്‍ ഐഎസിന്റെ പ്രഭാവം വര്‍ധിച്ചതോടെ ഇവരുടെ പ്രസക്തി മങ്ങി.