കോണ്‍ഗ്രസ് അധ്യക്ഷപദവി ചര്‍ച്ചകളിലേക്ക് തന്റെ പേര് വലിച്ചിഴയ്ക്കരുതെന്ന് പ്രിയങ്കാ ഗാന്ധി

single-img
1 August 2019

രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞ ശേഷം സഹോദരിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയുടെ പേരാണ് ഏറ്റവും സജീവമായി ഇപ്പോള്‍ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. പക്ഷെ തനിക്ക് ആ സ്ഥാനത്തോട് തീരെ താത്പര്യമില്ലെന്നാണ് പ്രിയങ്ക വീണ്ടും ആവര്‍ത്തിക്കുന്നത്. തന്റെ പേര് പാര്‍ട്ടിയുടെ അധ്യക്ഷപദവിയുടെ ചര്‍ച്ചകളിലേക്കു വലിച്ചിഴയ്ക്കരുതെന്ന് കോണ്‍ഗ്രസ് നേതാക്കളോട് പ്രിയങ്ക ഇന്ന് രാവിലെ ആവശ്യപ്പെട്ടു.

ഇന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരുടെയും സംസ്ഥാനങ്ങളുടെ ചുമതല വഹിക്കുന്ന നേതാക്കളുടെയും യോഗത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. ഈ മാസം 20-ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മവാര്‍ഷികം ആഘോഷിക്കേണ്ടതിനെപ്പറ്റിയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന യോഗമായിരുന്നു ഇത്. പ്രിയങ്കയെ അധ്യക്ഷയാക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തിരുവനന്തപുരം എംപി ശശി തരൂരും കഴിഞ്ഞദിവസങ്ങളില്‍ പറഞ്ഞിരുന്നു.

അതിന് പുറമേ ഇന്നു രാവിലെ നടന്ന യോഗത്തില്‍ ജാര്‍ഖണ്ഡിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് നേതാവ് ആര്‍പിഎന്‍ സിങ്ങും പ്രിയങ്ക മുന്നോട്ടുവന്ന് പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേത്തുടര്‍ന്നാണ് പ്രിയങ്ക തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.