ഭക്ഷണം കൊണ്ടുവന്ന ഡെലിവറി ബോയ് ഹിന്ദുവല്ല; ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്ത് യുവാവ്; മറുപടി നല്‍കി സൊമാറ്റോയുടെ സ്ഥാപകന്‍

single-img
31 July 2019

ഡെലിവറി ബോയ് അഹിന്ദുവായതിന്റെ പേരില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം മടക്കിയയച്ച് യുവാവ്. അമിത് ശുക്ലയെന്ന യുവാവായിരുന്നു അഹിന്ദുവായ ആളെ ഡെലിവറി ബോയി ആയി അയച്ചതിന്റെ പേരില്‍ ഭക്ഷണം സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നത്.

ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

ട്വീറ്റ് വൈറലായി പോസ്റ്റിന് മറുപടി നല്‍കി ആളുകള്‍ പോരടിക്കാന്‍ തുടങ്ങിയതോടെ സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നിലപാട് വ്യക്തമാക്കി രംഗത്തെത്തി. ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തു.

ഇതോടെ സൊമാറ്റോയുടെ നിലപാടിനെ അഭിനന്ദിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു. ഇത്തരക്കാരുടെ വര്‍ഗീയ നിലപാടിനെതിരെ പ്രതികരിച്ച സൊമാറ്റോയ്ക്ക് നന്ദി എന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. ഇയാളെപ്പോലുള്ള ഉപഭോക്താക്കളെ നിങ്ങള്‍ എന്നന്നേക്കുമായി ബ്ലോക്ക് ചെയ്യുകയാണ് വേണ്ടത്. അങ്ങനെയെങ്കിലും അവര്‍ ഒരു പാഠം പഠിക്കട്ടെ. ഭക്ഷണപ്രേമികള്‍ക്കിടയില്‍ മതപരമായ വിദ്വേഷം വളര്‍ത്തുന്നവര്‍ക്ക് ഒരു സ്ഥാനവുമുണ്ടാവില്ലെന്നും ട്വിറ്ററില്‍ ചിലര്‍ കുറിച്ചു.

എന്റെ അടുത്ത അഞ്ച് ഓര്‍ഡറും സൊമാറ്റോയ്ക്കാണെന്നും ധീരമായ നിലപാടിനെ അഭിനന്ദിക്കുന്നുവെന്നുമാണ് മറ്റു ചിലര്‍ ട്വിറ്ററില്‍ കുറിച്ചത്. നന്ദി സൊമാറ്റോ, ഇത്തരം വിഡ്ഡികള്‍ക്ക് വഴങ്ങുന്നത് അവരെ കൂടുതല്‍ ശക്തരാക്കാനേ ഉപകരിക്കൂ എന്നായിരുന്നു മറ്റൊരു പ്രതികരണം.