അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടത്; രാജ്യസഭയിൽ മുത്തലാഖ് ബിൽ ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്

single-img
31 July 2019

കഴിഞ്ഞ ദിവസം രാജ്യസഭയിൽ നടന്ന മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതിരുന്ന മുസ്‌ലിം ലീഗ് എംപി പി വി അബ്ദുല്‍ വഹാബിനെതിരെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈന്‍ അലി തങ്ങള്‍. ചുമതല നിർവഹിക്കുന്നതിൽ പരാജയപ്പെട്ട വഹാബ് രാജിവെക്കണമെന്ന് മുഈന്‍ അലി തങ്ങള്‍ ആവശ്യപ്പെട്ടു.

ആദ്യമായല്ല,നിര്‍ണായകസമയത്ത് പാര്‍ലമെന്റില്‍ എംപിമാര്‍ ഹാജരാകാതിരിക്കുന്നത് തുടര്‍സംഭവമാകുകയാണെന്ന് മുഈന്‍അലി പറഞ്ഞു. ‘ഇതുപോലുള്ള കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ലീഗ് എം.പിമാരെ അങ്ങോട്ട് പറഞ്ഞയക്കുന്നത്. എത്രയോ സമയമുണ്ടായിട്ട് അവിടെ എത്താതിരുന്നത് അംഗീകരിക്കാനാവില്ല. സംഘടനയുടെ നിലപാട് പറയാന്‍ അത് വഴി കഴിഞ്ഞില്ല. അതിനുള്ള പൂര്‍ണ്ണ ഉത്തരവാദി അദ്ദേഹം തന്നെയാണ്. വലിയ പ്രയാസത്തിലാണ് പാര്‍ട്ടി അതിനെ കാണുന്നത്, ഇങ്ങനെ വിഷയം വരുമ്പോള്‍ അദ്ദേഹം രാജിവെച്ച് പോകുകയാണ് വേണ്ടത്.’ – അദ്ദേഹം പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെടുന്ന സമയത്ത് ലീഗ് എംപിമാര്‍ കൃത്യവിലോപം കാണിക്കുന്ന സംഭവങ്ങള്‍ തുടരുകയാണെന്നാണ് ഉയരുന്ന വിമര്‍ശനം.