ഉന്നാവോ : പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരീക്ഷിക്കാന്‍ ബിജെപി എംഎല്‍എ സിസിടിവി സ്ഥാപിച്ചിരുന്നു; ദൃശ്യങ്ങള്‍ പുറത്ത്

single-img
31 July 2019

കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ പെട്ട ഉന്നാവോ ലൈംഗീകാക്രമണ കേസില്‍ പെണ്‍കുട്ടിയെയും വീട്ടുകാരെയും നിരീക്ഷിക്കാന്‍ പ്രതിയായ ബിജെപി എംഎല്‍എ സിസിടിവി സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്.

വീട്ടുകാരുടെ നീക്കങ്ങൾ അറിയാൻ ബിജെപി എംഎല്‍എ കുല്‍ദീപ് സിംങ് സ്ഥാപിച്ച ക്യാമറയുടെ ദൃശ്യങ്ങള്‍ മനോരമ ന്യൂസാണ് പുറത്തുവിട്ടത്. ഇരയായ പെണ്‍കുട്ടിയുടെ വീടിന്റെ തൊട്ടടുത്തുള്ള എംഎല്‍എയുടെ കുടുംബവീട്ടിലാണ് സിസിടിവി ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.

ഇവിടെ പെണ്‍കുട്ടിയുടെ വീടിന് നേരെ തിരിച്ചുവെച്ച നിലയിലാണ് ക്യാമറയുള്ളത്. പെൺകുട്ടിയും ബന്ധുക്കളുംസഞ്ചരിച്ച വാഹനത്തിന് സംഭവിച്ച അപകടത്തിന് പിന്നില്‍ വന്‍ ഗൂഢാലോചനയെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐയുടെ പ്രാഥമികവിലയിരുത്തല്‍.

വാഹനം അപകടത്തിൽ പെടുന്നതിന് മുൻപും ശേഷവും നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നത് ആസൂത്രിതമായ അപകടമാണെന്നാണ് പ്രാഥമിക അനുമാനം. അപകടം സംഭവിക്കുന്നതിന് മുമ്പ് പെണ്‍കുട്ടി സഞ്ചരിച്ച കാറിന് മുന്നിലൂടെ കൃത്യമായ നിര്‍ദ്ദേശം നല്‍കി കൊണ്ട് ഒരു ബൈക്ക് യാത്രികന്‍ പോയിരുന്നു. അപകടം നടന്ന ശേഷം തൊട്ടുപിന്നാലെ ഒരു കാറിലെത്തിയ സംഘം അപകടത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു. മുൻപ് തന്നെ ഉന്നാവോ അപകടം കൃത്യമായ ആസൂത്രണത്തോടെ നടപ്പില്‍ വരുത്തിയതാകാമെന്ന് വ്യക്തമാക്കുന്ന ദൃക്‌സാക്ഷി മൊഴികള്‍ പുറത്തുവന്നിരുന്നു.