ടാപ്പിംഗ് തൊഴിലാളിയിൽ നിന്ന് മികച്ച സിനിമയുടെ സംവിധായകനിലേയ്ക്കുള്ള പടവുകൾ ചവിട്ടിക്കയറിയ ഷെരീഫ് ഈസ

single-img
31 July 2019

ഷെരീഫ് ഈസയെന്ന പേര് ഇപ്പോഴും മലയാളികൾക്ക് സുപരിചിതമായിട്ടില്ല. മികച്ച ചിത്രത്തിന്റെ സംവിധായകനായിട്ടും ഷെരീഫ് ഈസയെ മലയാളികൾ അറിയാതെ പോയതിനു പിന്നിൽ ഒരു മാധ്യമ അവഗണനയുടെ കഥകൂടിയുണ്ട്.

ഇക്കൊല്ലത്തെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ “കാന്തൻ: ദി ലവർ ഓഫ് കളർ” എന്ന ചിത്രത്തിന്റെ സംവിധായകൻ ഷെരീഫ് ഈസ ഒരു ടാപ്പിംഗ് തൊഴിലാളിയാണ്. ചലച്ചിത്രപുരസ്കാര വിതരണ വേദിയിൽ അവാർഡ് ജേതാക്കൾ ഇരുന്ന നിരയുടെ ചിത്രം പ്രസിദ്ധീകരിച്ച മാധ്യമങ്ങൾ ഷെരീഫ് ഈസയെ ക്രോപ്പ് ചെയ്ത് മാറ്റിയിരുന്നു.

മികച്ച ചലച്ചിത്രത്തിന്റെ സംവിധായകനും നിർമ്മാതാവും എന്ന നിലയിൽ ഒന്നാം നമ്പർ കസേരയിൽ ഇരുന്നിട്ടും ഷെരീഫ് മാധ്യമങ്ങളുടെ ഫ്രെയിമിൽനിന്നും പുറത്ത് പോയിരുന്നു. രണ്ടാമത്തെ സീറ്റില്‍ ഇരുന്ന മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട ശ്യാമപ്രസാദ്, മൂന്നും നാലും സീറ്റുകളിൽ ഇരുന്ന മികച്ച നടന്മാരായ ജയസൂര്യയും, സൗബിനും, അഞ്ചാമത്തെ സീറ്റില്‍ ഇരുന്ന മികച്ച നടി നിമിഷ സജയൻ, ആറാമത്തെ സീറ്റിൽ ഉണ്ടായിരുന്ന മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ച ജോജു ജോർജ്ജ് എന്നിവരാണ് ചിത്രങ്ങളിൽ ഉണ്ടായിരുന്നത്.

മനോരമ പത്രത്തിൽ വന്ന ചിത്രം

ഈ വിവേചനത്തെക്കുറിച്ച് മനോരമ പത്രത്തിന്റെ തിരുവനന്തപുരം ഓഫീസിൽ വിളിച്ചന്വേഷിച്ച
സിനിമയുടെ തിരക്കഥാകൃത്ത് പ്രമോദ് കൂവേരിയോട് ഈ വർഷം മികച്ച ചിത്രത്തിനുള്ള അവാർഡ് നൽകുന്നില്ലെന്നാണറിഞ്ഞത് എന്നായിരുന്നു മറുപടി പറഞ്ഞെതെന്ന് ഷെരീഫ് ഇവാർത്തയോട് പറഞ്ഞു. മാത്രമല്ല മനോരമയുടെ ചിത്രത്തിന്റെ അടിക്കുറിപ്പിൽ “മികച്ച ചിത്രത്തിന്റെ സംവിധായകൻ” ശ്യാമപ്രസാദായിരുന്നു.

മികച്ച ചിത്രത്തിന്റെ സംവിധായകനു തന്നെ മികച്ച സംവിധായകനുള്ള അവാർഡും നൽകണമെന്ന് പറഞ്ഞ് ജൂറി ചെയർമാൻ കുമാർ സാഹ്നി രാജിവെച്ചത് അവാർഡ് നിർണ്ണയസമയത്തെ പ്രധാന വാർത്തയായിരുന്നു. കുമാർ സാഹ്നിയുടെ രാജി തനിക്ക് അഭിച്ച അംഗീകാരം കൂടിയായിരുന്നുവെന്ന് ഷെരീഫ് ഈസ പറയുന്നു.

ബിരുദപഠനത്തിനു ശേഷം സിനിമാട്ടോഗ്രഫിയിൽ കോഴ്സ് പൂർത്തിയാക്കിയ ഷെരീഫ് ഈസ ജീവിക്കാൻ വേണ്ടി ടാപ്പിംഗ് ജോലി ചെയ്യുമ്പോഴും മനസിൽ സിനിമയായിരുന്നു. രണ്ടൊ മൂന്നോ ഹ്രസ്വ ചിത്രങ്ങൾ സംവിധാനം ചെയ്തു. ചില ജനകീയ സിനിമകളിൽ അസിസ്റ്റന്റ് ആയും പ്രവർത്തിച്ചു. സ്വന്തം സിനിമയെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ ഇറങ്ങിയപ്പോൾ ആദ്യം ഏകദേശം രണ്ടുലക്ഷത്തോളം രൂപയേ കയ്യിൽ ഉണ്ടായിരുന്നുള്ളൂ. മൊത്തം ഇരുപതുലക്ഷം രൂപ ചെലവിലാണ് ചിത്രം പൂർത്തിയായത്.

സാമൂഹ്യ പ്രവർത്തക ദയാബായി മാത്രമാണ് അഭിനേതാക്കളിൽ അറിയപ്പെടുന്ന ഒരാൾ ഉള്ളത്. ബാക്കിയെല്ലാവരും സാധാരണക്കാരായ പുതുമുഖങ്ങളാണ്. ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന ചിത്രത്തിന്റെ ഭൂരിഭാഗവും ഷൂട്ട് ചെയ്തത് വയനാട്ടിലെ തിരുനെല്ലിയിലും പരിസരപ്രദേശങ്ങളിലും വെച്ചായിരുന്നു. അഭിനേതാക്കൾ ഒഴികെയുള്ള പിന്നണിപ്രവർത്തകരായി പത്തിൽ താഴെ ആളുകൾ മാത്രമായിരുന്നുവെന്നും ഷെരീഫ് പറയുന്നു.

ഇക്കഴിഞ്ഞ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ “കാന്തൻ” അയച്ചുവെങ്കിലും തെരെഞ്ഞെടുത്തിരുന്നില്ല. കൊൽക്കത്ത ചലച്ചിത്രമേള അടക്കം പല മേളകളിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു. പല വിദേശ ചലച്ചിത്രമേളകളിലും എൻട്രി ഫീസ് ഉള്ളതിനാൽ അയയ്ക്കാൻ കഴിഞ്ഞില്ലെന്നും ഷെരീഫ് പറയുന്നു.

ഈ വർഷത്തെ നമ്മള്..😍😍

Posted by Priyan Karyambalam on Tuesday, July 30, 2019

പ്രമോദ് കൂവേരി തിരക്കഥ എഴുതിയ കാന്തൻ ദി ലവർ ഓഫ് കളറിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് പ്രിയൻ ആണ്. എഡിറ്റിംഗ് പ്രശോഭ്, പശ്ചാത്തല സംഗീതം സച്ചിന്‍ ബാലു, സൗണ്ട് എഫക്ട്സ് ഷിജു ബാലഗോപാലന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അശോകന്‍. കെ വി, അസിസ്റ്റന്‍റ്സ് മുരളീധരന്‍ ചവനപ്പുഴ, പ്രദീഷ് വരഡൂര്‍, അമല്‍. വി എഫ് എക്സ് വിപിന്‍രാജ്.


ദളിത്- ആദിവാസി മനുഷ്യരുടെ അതിജീവനത്തിന്‍റെ കഥ പറയുന്ന ചിത്രത്തിൽ കാന്തൻ എന്ന ആദിവാസി ബാലനെ അവതരിപ്പിച്ചിരിക്കുന്നത് മാസ്റ്റർ പ്രജിത് ആണ്. ആദിമദ്ധ്യാന്തം എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ ശ്രദ്ധേയനായ ബാലതാരമാണ് പ്രജിത്. ഇത്തിയമ്മ എന്ന ആദിവാസി മുത്തശ്ശിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ദയാബായിയാണ്. നെങ്ങറകോളനിയിലെ അടിയവിഭാഗത്തില്‍പ്പെട്ടവര്‍ക്കൊപ്പം ചിന്നന്‍, കുറുമാട്ടി, സുജയന്‍, ആകാശ്, കരിയന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.