പാലക്കാട്ടെ പൊലീസുകാരന്റെ ആത്മഹത്യ: മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്ന് ഭാര്യ

single-img
31 July 2019

കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ അട്ടപ്പാടി സ്വദേശി അനില്‍ കുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മേലുദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് ഭാര്യ സജിനി. പൊലീസ് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പ് അനില്‍കുമാറിന്റേത് തന്നെയാണെന്നും കേസില്‍ തെളിവ് നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും സജിനി പറഞ്ഞു.

പ്രതികള്‍ പൊലീസുകാരായതിനാല്‍ ജുഡീഷ്യല്‍ അന്വേഷണം വേണം. തന്നോട് പലപ്പോഴായി പറഞ്ഞ കാര്യങ്ങളാണ് മൂന്നുപേജുളള ആത്മഹത്യാക്കുറിപ്പിലുളളതെന്നും സജിനി പറയുന്നു. മേലുദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടുള്ള അനില്‍ കുമാറിന്റെ ആത്മഹത്യാ കുറിപ്പ് മൃതദേഹത്തിനരികില്‍ നിന്ന് ലഭിച്ചിരുന്നു. എ.ആര്‍ ക്യാമ്പില്‍ നിരന്തരം വേട്ടയാടപ്പെട്ടിരുന്നുവെന്നും ഇത് താന്‍ ആദിവാസി വംശജനായതുകൊണ്ടാണെന്നും ആത്മഹത്യാ കുറിപ്പിലുണ്ടെന്നാണ് സൂചന.

അതിനിടെ സംഭവത്തില്‍ അന്വേഷിച്ച് 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എസ്‌സിഎസ്ടി കമ്മീഷന്‍ പാലക്കാട് ജില്ലാ കളക്ടറോടും പൊലീസ് മേധാവിയോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജാതി വിവേചനമെന്ന പരാതിയുളളതിനാല്‍ കമ്മീഷന്‍ ഉടന്‍ തന്നെ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തും. കുമാറിന്റെ ആത്മഹത്യാക്കുറിപ്പ് കിട്ടിയ സാഹചര്യത്തില്‍ അതുകൂടി ഉള്‍ക്കൊളളിച്ചാവും അന്വേഷണമെന്ന് തൃശ്ശൂര്‍ റേഞ്ച് ഡിഐജി പറഞ്ഞു.

25 ന് രാത്രിയാണ് സിവില്‍ പൊലീസ് ഓഫീസറായ കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണ് മരണത്തിന് കാരണമെന്ന് തുടക്കം മുതലേ കുടുംബം ആരോപിച്ചിരുന്നു.

കുമാറിന്റെ വീട്ടുകാരുടെ പരാതിയിന്മേല്‍ പാലക്കാട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അന്വേഷണവും പുരോഗമിക്കുകയാണ്. ക്യാമ്പിലെ മൊഴിയെടുപ്പും പരിശോധനയും ഉടന്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് റേഞ്ച് ഡിഐജിയുടെ നിര്‍ദ്ദേശം. അസ്വാഭാവിക മരണത്തെക്കുറിച്ച് ഒറ്റപ്പാലം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.