‘ഭാര്യയെ ഉപേക്ഷിച്ച ശേഷം രാജു ജെന്റില്‍മാനായി’; മുത്തലാഖ് ബില്ലില്‍ മോദിയെ പരിഹസിച്ച് കുനാല്‍ കമ്ര

single-img
31 July 2019

കഴിഞ്ഞ ദിവസമാണ് മുത്തലാഖ് ബില്‍ രാജ്യസഭ പാസാക്കിയത്. ഇതിനുപിന്നാലെ ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എം.പിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി രംഗത്തെത്തുകയും ചെയ്തിരുന്നു.

‘പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബില്‍ പാസാക്കുന്നതിന് പിന്തുണച്ച എല്ലാ എം.പിമാര്‍ക്കും കക്ഷികള്‍ക്കും നന്ദി അറിയിക്കുകയാണ്. ഇത്തരമൊരു നീക്കം ഇന്ത്യന്‍ ചരിത്രത്തില്‍ എല്ലായ്‌പ്പോഴും ഓര്‍മിക്കപ്പെടും. പ്രാചീനമായ ഒരു ആചാരം ചരിത്രത്തിന്റെ ചവറ്റുകുട്ടയില്‍ എത്തിച്ചിരിക്കുന്നു. മുസ്‌ലിം വനിതകളോടു ചെയ്തിരുന്ന ചരിത്രപരമായ ഒരു തെറ്റാണ് പാര്‍ലമെന്റ് തിരുത്തിയത്. ലിംഗനീതിയുടെ വിജയമാണിത്. ഇന്ത്യയ്ക്ക് ആനന്ദത്തിന്റെ ദിവസമാണിത്.’ ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

എന്നാല്‍ മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് ഉടന്‍തന്നെ സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ കുനാല്‍ കമ്ര രംഗത്തെത്തി. ‘ഭാര്യയെ ഉപേക്ഷിച്ചശേഷം രാജു മാന്യനായി’ എന്ന് പറഞ്ഞാണ് കുനാല്‍ കമ്ര മോദിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത് കൊണ്ട് ട്വീറ്റ് ചെയ്തത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു.

നേരത്തെ യശോദബെന്നിന്നെ മോദി വിവാഹം ചെയ്തിരുന്നു. പിന്നീട് ബന്ധം ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ യശോദബെന്‍ ഇപ്പോഴും താന്‍ മോദിയുടെ ഭാര്യയാണ് എന്ന രീതിയിലാണ് ജീവിക്കുന്നത്. ഇതുമായി ബന്ധപ്പെടുത്തിയായിരുന്നു കുനാല്‍ കമ്രയുടെ ട്വീറ്റ്.

അതേസമയം, മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതാണു പുതിയ നിയമം. 99 പേര്‍ ബില്ലിനെ അനുകൂലിച്ചു. 84 പ്രതിനിധികള്‍ ബില്ലിനെ എതിര്‍ത്തു. ജെഡിയു, എഐഎഡിഎംകെ എന്നീ കക്ഷികള്‍ സഭ വിട്ടു. രാഷ്ട്രപതി ഒപ്പു വയ്ക്കുന്നതോടെ നിയമം പ്രാബല്യത്തില്‍ വരും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്നതോടെ ഇതനുസരിച്ച് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും.

മഹാത്മാ ഗാന്ധി, റാം മനോഹര്‍ ലോഹ്യ, ജയപ്രകാശ് നാരായണ്‍ തുടങ്ങിയവരുടെ ആശയങ്ങളാണു തങ്ങള്‍ പിന്തുടരുന്നതെന്നും ബില്ലിനെ എതിര്‍ക്കുന്നതായും ഇറങ്ങിപ്പോകുന്നതിനു മുന്‍പ് ജെഡിയു അംഗം ബസിഷ്ട നരെയ്ന്‍ സിങ് പറഞ്ഞു. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്.

ഈ നിയമം ആയുധമാക്കുന്നതിനാണ് ബില്‍ കൊണ്ടുവരുന്നതെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ പദ്ധതിയിലൂടെ നമ്മുടെ പെണ്‍മക്കള്‍ ഉയരങ്ങളിലെത്തുകയാണ്. ലിംഗനീതി, സമത്വം, മാന്യത എന്നിവയെല്ലാം മുത്തലാഖ് ബില്ലിന്റെ ഉള്ളടക്കമാണ്. ഇന്ത്യ മതേതരമാണെങ്കില്‍ എന്തുകൊണ്ടു നമുക്ക് മുത്തലാഖ് നിരോധിക്കാന്‍ സാധിക്കുന്നില്ല. 20ല്‍ അധികം രാജ്യങ്ങള്‍ ഇതു നിയന്ത്രിച്ചിട്ടുണ്ട്.

2017ല്‍ സുപ്രീം കോടതി ഉത്തരവിനുശേഷം നിയമവിരുദ്ധമായ 574 കേസുകളാണു ശ്രദ്ധയില്‍പെട്ടതെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അതേസമയം ബില്ലില്‍ ഒരു വിഭാഗത്തിലെ സ്ത്രീകളെക്കുറിച്ചു മാത്രമാണു പറയുന്നതെന്നു പ്രതിപക്ഷം തിരിച്ചടിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകളെക്കുറിച്ചും സര്‍ക്കാര്‍ ആശങ്കപ്പെടാത്തതെന്തെന്നും പ്രതിപക്ഷം ചോദിച്ചു.

ബില്‍ ഇസ്‌ലാം മതവിഭാഗത്തെ വളരെ മോശമായാണു ലക്ഷ്യമാക്കുന്നത്. സുപ്രീം കോടതി മുത്തലാഖ് ബില്‍ ബില്‍ നിയമവിരുദ്ധമാണെന്നു പ്രഖ്യാപിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വ്യക്തമാക്കി. ബില്‍ സിലക്ട് പാനലിനു വിടുകയാണു വേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം ബില്ലിനെ രാഷ്്ട്രീയപരമായോ, വോട്ട് ബാങ്ക് രാഷ്ട്രീയം നോക്കിയോ അല്ല വിലയിരുത്തേണ്ടതെന്നും രവി ശങ്കര്‍ പ്രസാദ് പറഞ്ഞു. മോദി സര്‍ക്കാര്‍ വന്നശേഷം 2,300 സ്ത്രീകളാണ് ഹജിനു പോയതെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി രാജ്യസഭയില്‍ പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടിയാണ് കോണ്‍ഗ്രസിന്റെ നീക്കം.

മൗലികവാദികളുടെ കൂടെയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നതെന്നും നഖ്‌വി പറഞ്ഞു. ബില്‍ ചര്‍ച്ച ചെയ്യുന്നതിന് ഉപരാഷ്ട്രപതി നാല് മണിക്കൂറാണു സമയം അനുവദിച്ചത്. ജെഡിയു പ്രതിനിധികള്‍ രാജ്യസഭയില്‍നിന്ന് ഇറങ്ങിപ്പോയി. ബില്ലുകൊണ്ട് സര്‍ക്കാര്‍ സ്ത്രീകളെ കുടുംബകാര്യങ്ങള്‍ തീര്‍ക്കുന്നതിന് ഒരു മജിസ്റ്റീരിയല്‍ കോടതിയിലേക്കു തള്ളിവിടുകയാണെന്ന് കോണ്‍ഗ്രസ് അംഗം അമീ യാജ്്‌നിക് ആരോപിച്ചു.